ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി പൂർണ്ണമായി ഒഴിവാക്കാൻ എസിടി സർക്കാർ

വാങ്ങാൻ ഉദ്ദേശിക്കുന്ന വീടിന്റെ വിലയോ, വാങ്ങുന്ന വ്യക്തിയുടെ വരുമാനമോ നോക്കാതെ തന്നെ പ്രായഭേദമന്യേ ആദ്യമായി വീട് വാങ്ങുന്ന എല്ലാ Canberrans-നും ഈ നികുതി ഇളവ് ലഭ്യമാകും.
ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി പൂർണ്ണമായി ഒഴിവാക്കാൻ എസിടി സർക്കാർ
Supplied: Pexels
Published on

‌‌കാൻബറ: ഓസ്‌ട്രേലിയയിൽ ആദ്യമായി ഒരു സംസ്ഥാനത്തോ ടെറിട്ടറിയിലോ ആദ്യമായി വീട് വാങ്ങുന്ന എല്ലാവർക്കും (First home buyers) സ്റ്റാമ്പ് ഡ്യൂട്ടി പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് ഭരണകൂടത്തിന്റെ വമ്പൻ പ്രഖ്യാപനം. വരാനിരിക്കുന്ന എ.സി.ടി (ACT) ബജറ്റിലെ പ്രധാന നിർദ്ദേശങ്ങൾ പുറത്തുവിട്ടുകൊണ്ട് ചീഫ് മിനിസ്റ്റർ ആൻഡ്രൂ ബാർ (Andrew Barr) ആണ് ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. വരും ജൂലൈ മാസം മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.

വാങ്ങാൻ ഉദ്ദേശിക്കുന്ന വീടിന്റെ വിലയോ, വാങ്ങുന്ന വ്യക്തിയുടെ വരുമാനമോ നോക്കാതെ തന്നെ പ്രായഭേദമന്യേ ആദ്യമായി വീട് വാങ്ങുന്ന എല്ലാ കാൻബെറ നിവാസികൾക്കും ഈ നികുതി ഇളവ് ലഭ്യമാകും. സ്റ്റാമ്പ് ഡ്യൂട്ടി എന്നത് ഒട്ടും കാര്യക്ഷമമല്ലാത്തതും അനീതി നിറഞ്ഞതുമായ ഒരു നികുതിയാണെന്നും, ചരിത്രത്തിലാദ്യമായി ഒരു പ്രത്യേക വിഭാഗത്തിന് ഇത് എന്നെന്നേക്കുമായി പൂർണ്ണമായി ഇല്ലാതാക്കാൻ തങ്ങൾക്ക് കഴിഞ്ഞതായും മുഖ്യമന്ത്രി ആൻഡ്രൂ ബാർ പറഞ്ഞു. ആദ്യമായി വീട് വാങ്ങുന്നവർക്ക് പുറമെ പെൻഷൻകാർ, എൻ.ഡി.ഐ.എസ് (NDIS) ഗുണഭോക്താക്കൾ, കഴിഞ്ഞ അഞ്ച് വർഷമായി സ്വന്തമായി യാതൊരു പ്രോപ്പർട്ടിയും ഇല്ലാത്തവർ എന്നിവർക്കും ഈ ആനുകൂല്യം ലഭിക്കും.

ഭവന ലഭ്യത കൂട്ടാൻ കൂടുതൽ ഇളവുകൾ:

ഈ പുതിയ പരിഷ്‌കാരം വഴി ആദ്യ വർഷത്തിൽ മാത്രം സർക്കാരിന് 17 മില്യൺ ഡോളറിന്റെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഈ തുക കണ്ടെത്താനായി വാർഷിക പ്രോപ്പർട്ടി റേറ്റ്സ് (Rates) വലിയ രീതിയിൽ വർദ്ധിപ്പിക്കുമോ എന്ന ചോദ്യത്തിന്, എല്ലാ വർഷത്തെയും പോലെ സാധാരണ രീതിയിലുള്ള വർദ്ധനവ് മാത്രമേ ഉണ്ടാകൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിപണിയിലെ എല്ലാ മേഖലകളിൽ നിന്നും സ്റ്റാമ്പ് ഡ്യൂട്ടി ഘട്ടങ്ങളായി ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇതിനൊപ്പം നഗരത്തിലെ ഭവന പ്രതിസന്ധി പരിഹരിക്കാനായി അപ്പാർട്ട്‌മെന്റുകൾക്കും വലിയ വീടുകൾക്കും ഇടയിലുള്ള ടൗൺഹൗസുകൾ, ടെറസുകൾ എന്നിവയുടെ നിർമ്മാണം (Missing middle housing) പ്രോത്സാഹിപ്പിക്കാനും ബജറ്റിൽ നിർദ്ദേശമുണ്ട്. ഇതിനായി പുതുതായി നിർമ്മിക്കുന്ന യൂണിറ്റുകൾ വാങ്ങുന്നവർക്കും സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി നൽകും. കൂടാതെ ഇത്തരം വീടുകൾ നിർമ്മിക്കുന്ന ഡെവലപ്പർമാരെ സഹായിക്കാനായി ലീസ് വേരിയേഷൻ ചാർജ്ജ് (Lease variation charge) താൽക്കാലികമായി പകുതിയായി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കാൻബറയിലുടനീളം 26,000 പുതിയ വീടുകൾ നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നികുതി ഇളവുകളും എത്തിയിരിക്കുന്നത്

Metro Australia
maustralia.com.au