വൻ പുകയില വേട്ട; ഓസ്‌ട്രേലിയയിൽ 17 ലക്ഷം സിഗരറ്റുകളും ആയിരക്കണക്കിന് വേപ്പുകളും പിടിച്ചെടുത്തു

ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് (ABF), പോലീസ്, ടാക്സ്-ആരോഗ്യ വകുപ്പുകൾ എന്നിവർ സംയുക്തമായി 66 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്.
വൻ പുകയില വേട്ട; ഓസ്‌ട്രേലിയയിൽ 17 ലക്ഷം സിഗരറ്റുകളും ആയിരക്കണക്കിന് വേപ്പുകളും പിടിച്ചെടുത്തു
Supplied: ABF
Published on

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിലും നോർത്തേൺ ടെറിട്ടറിയിലുമായി വിവിധ അന്വേഷണ ഏജൻസികൾ നടത്തിയ സംയുക്ത റെയ്ഡിൽ 17 ലക്ഷത്തിലധികം (1.7 million) അനധികൃത സിഗരറ്റുകളും പതിനായിരത്തോളം വേപ്പുകളും പിടിച്ചെടുത്തു. 'ഓപ്പറേഷൻ ടെംപസ്റ്റ്' (Operation Tempest) എന്ന പേരിൽ ആറ് ദിവസം നീണ്ടുനിന്ന പരിശോധനയിൽ 504 കിലോഗ്രാം പുകയില, 6,310 നിക്കോട്ടിൻ പൗച്ചുകൾ, 4 കിലോഗ്രാം എംഡിഎംഎ (MDMA) എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. വിപണിയിൽ 8,14,000 ഡോളറിലധികം വിലമതിക്കുന്ന ഇവ പിടിച്ചെടുത്തതിലൂടെ ഏകദേശം 4 ദശലക്ഷം ഡോളറിന്റെ നികുതി വെട്ടിപ്പാണ് അധികൃതർ തടഞ്ഞത്.

ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് (ABF), പോലീസ്, ടാക്സ്-ആരോഗ്യ വകുപ്പുകൾ എന്നിവർ സംയുക്തമായി 66 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. ബാർബർ ഷോപ്പുകൾ, കാർ യാർഡുകൾ, പെട്രോൾ പമ്പുകൾ, പോസ്റ്റൽ ഡിപ്പോകൾ, വെയർഹൗസുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു കള്ളക്കടത്ത് ശൃംഖലയുടെ പ്രവർത്തനം. സംഭവവുമായി ബന്ധപ്പെട്ട് 66 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നിയമലംഘനം കണ്ടെത്തിയ 15 കടകൾ പൂട്ടിക്കാൻ അപേക്ഷ നൽകിയതായും അധികൃതർ അറിയിച്ചു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നത് സംഘടിത കുറ്റകൃത്യ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് തുല്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

Metro Australia
maustralia.com.au