

മെൽബൺ: പൊതുവെ കടുത്ത വരൾച്ചയ്ക്കും ഉഷ്ണതരംഗത്തിനും കാരണമാകുന്ന കാലാവസ്ഥാ പ്രതിഭാസമായ 'എൽ നിനോ' നിലനിൽക്കുമ്പോഴും, ചരിത്രത്തിലാദ്യമായി റെക്കോർഡ് മഴയിലേക്ക് ഓസ്ട്രേലിയ കുതിക്കുന്നു. രാജ്യത്ത് ശൈത്യ-വസന്ത (Winter-Spring) കാലയളവിൽ ശരാശരിയേക്കാൾ കൂടുതൽ മഴ രേഖപ്പെടുത്തുന്ന ചരിത്രത്തിലെ ആദ്യ എൽ നിനോ വർഷമായി 2026 മാറാൻ ഒരുങ്ങുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാധാരണയായി ശക്തമായ എൽ നിനോയും ഇന്ത്യൻ മഹാസമുദ്രത്തിലെ ഡ്രൈ ഫേസും (Positive IOD) ഒന്നിച്ചുവരുമ്പോൾ ഓസ്ട്രേലിയയിൽ കൊടും വരൾച്ചയാണ് ഉണ്ടാകാറുള്ളത്. എന്നാൽ 1900 മുതലുള്ള 27 എൽ നിനോ വർഷങ്ങളിൽ ഒരിക്കൽപ്പോലും സംഭവിക്കാത്ത വിധം ഇത്തവണ ഒക്ടോബർ മാസത്തിൽ ഉൾപ്പെടെ രാജ്യത്തിന്റെ പകുതിയിലധികം പ്രദേശങ്ങളിലും ശക്തമായ മഴയും ഇടിമിന്നലോട് കൂടിയ കാറ്റും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സിഡ്നിയിൽ 100 മില്ലിമീറ്ററിലധികം മഴ പെയ്തപ്പോൾ, സെൻട്രൽ ക്വീൻസ്ലൻഡിൽ മിന്നൽ പ്രളയവും ആലീസ് സ്പ്രിംഗ്സിൽ വിനാശകരമായ കാറ്റും നാശനഷ്ടം വിതച്ചു. ടാസ്മാൻ കടലിൽ നിലയുറപ്പിച്ചിരിക്കുന്ന ഉയർന്ന മർദ്ദമേഖലയിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റും ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കൻ ഭാഗത്തെ ഉയർന്ന സമുദ്രോപരിതല താപനിലയുമാണ് എൽ നിനോയുടെ സ്വാധീനത്തെ മറികടന്ന് ഓസ്ട്രേലിയയിലേക്ക് വ്യാപക മഴ എത്തിക്കുന്നത്.
അടുത്ത ആഴ്ചയോടെ ക്വീൻസ്ലൻഡ്, ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ, ടാസ്മാനിയ, നോർത്തേൺ ടെറിട്ടറി എന്നിവിടങ്ങളിൽ മഴ കൂടുതൽ ശക്തമാകും. മാരനോവ, വാറെഗോ തുടങ്ങിയ മേഖലകളിൽ ഒക്ടോബർ ശരാശരിയേക്കാൾ നാലിരട്ടിയിലധികം മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ബ്യൂറോ ഓഫ് മെറ്റീരിയോളജി (BOM) വ്യക്തമാക്കിയിട്ടുണ്ട്.