

മെൽബൺ: സാധാരണയായി കടുത്ത വരൾച്ചയ്ക്കും ചൂടിനും കാരണമാകുന്ന എൽ നിന്യോ (El Niño) പ്രതിഭാസത്തിന്റെ വർഷമായിട്ടും, 1900-ന് ശേഷമുള്ള ചരിത്രത്തിലെ ഏറ്റവും ഈർപ്പമേറിയ ആദ്യ ആറ് മാസങ്ങളിലൂടെയാണ് ഓസ്‌ട്രേലിയ കടന്നുപോകുന്നത്. Winter ആരംഭിച്ച് നാല് ആഴ്ചകൾ പിന്നിട്ടിട്ടും രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും തണുപ്പിന് പകരം അസാധാരണമായ ചൂടും ഉഷ്ണമേഖലാ ഈർപ്പവും കനത്ത മഴയുമാണ് അനുഭവപ്പെടുന്നത്. ദക്ഷിണ സമുദ്രത്തിൽ നിന്നുള്ള തണുത്ത കാറ്റിനെ ഓസ്‌ട്രേലിയൻ തീരങ്ങളിലേക്ക് എത്തുന്നതിൽ നിന്നും തടയുന്ന തെക്കൻ കാറ്റിന്റെ ദിശാമാറ്റമാണ് (Southern Annular Mode - SAM) ഇതിന് പ്രധാന കാരണം.
ഈ പ്രതിഭാസം കാരണം സിഡ്‌നിയിൽ ശരാശരിയേക്കാൾ കൂടുതൽ ചൂട് രേഖപ്പെടുത്തി . 1957-ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ജൂൺ മാസമാണ് മെൽബണിൽ കടന്നുപോകുന്നത്. തണുപ്പുകാലത്തെ ആശ്രയിച്ച് ജീവിക്കുന്ന ഓസ്‌ട്രേലിയയിലെ പ്രശസ്തമായ സ്കീ റിസോർട്ടുകളിൽ ഇത്തവണ ജൂലൈ ആദ്യവാരമായിട്ടും പ്രകൃതിദത്തമായ മഞ്ഞുവീഴ്ച ഉണ്ടായിട്ടില്ല. 2015-ന് ശേഷം ഇതാദ്യമായാണ് മഞ്ഞുകാലത്തും റിസോർട്ടുകൾ സ്ഥിതി ചെയ്യുന്ന ആൽപ്സ് മലനിരകൾ പച്ചപ്പണിഞ്ഞു കിടക്കുന്നത്. വരാനിരിക്കുന്ന സ്കൂൾ അവധിക്കാലത്ത് ടൂറിസം മേഖലയെ ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതർ.
വൻ മഴ പ്രവചനം; വരാനിരിക്കുന്നത് ശക്തമായ കോൾഡ് ഫ്രണ്ട്
2026-ന്റെ ആദ്യ പകുതിയിൽ രാജ്യത്ത് ലഭിച്ച ശരാശരി മഴ 400 മില്ലിമീറ്ററാണ്. ഇത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 100 മില്ലിമീറ്റർ കൂടുതലാണ്. വരും ദിവസങ്ങളിൽ ഉഷ്ണമേഖലയിൽ നിന്നുള്ള രണ്ട് പ്രത്യേക കാർമേഘ പാളികൾ കാരണം സതേൺ ക്വീൻസ്‌ലാന്റ് മുതൽ ടാസ്മാനിയ വരെയുള്ള പ്രദേശങ്ങളിൽ 25 മുതൽ 50 മില്ലിമീറ്റർ വരെയും, ചിലയിടങ്ങളിൽ 100 മില്ലിമീറ്റർ വരെയും കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാൽ, ഈ ആഴ്ചയുടെ അവസാനത്തോടെ 'സാം' പ്രതിഭാസത്തിന്റെ തീവ്രത കുറയുമെന്നും, വ്യാഴാഴ്ച മുതൽ എത്തുന്ന ശക്തമായ രണ്ട് 'കോൾഡ് ഫ്രണ്ടുകൾ' കാരണം അടുത്ത വാരാന്ത്യത്തോടെ ഓസ്‌ട്രേലിയയിൽ കടുത്ത തണുപ്പും ആൽപ്സ് മലനിരകളിൽ വലിയ മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പുതിയ പ്രവചനം.