

മെൽബൺ: ഓസ്‌ട്രേലിയയിൽ ശീതകാലത്തും വസന്തകാലത്തും കടുത്ത വരൾച്ചയ്ക്ക് കാരണമാകുന്ന എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ 'വെതർസോൺ' മുന്നറിയിപ്പ് നൽകി. ദക്ഷിണ-കിഴക്കൻ മേഖലകളിലൂടെ കടന്നുപോകുന്ന രണ്ട് ശക്തമായ ന്യൂനമർദ്ദങ്ങളാണ് വരണ്ട കാലാവസ്ഥയെ കാറ്റിൽപ്പറത്തിക്കൊണ്ട് ഇത്തവണ പെട്ടെന്നുള്ള മഴയ്ക്ക് കാരണമാകുന്നത്.
ഏറ്റവും കൂടുതൽ മഴ ലഭിക്കുക ഓസ്‌ട്രേലിയയുടെ തെക്ക്-കിഴക്കൻ ഉൾപ്രദേശങ്ങളായ മറെയ്-ഡാർലിംഗ് ബേസിനിലാണ് (Murray-Darling Basin). ഇവിടെ ഈ ആഴ്ചയിൽ മാത്രം 50 മുതൽ 100 മില്ലിമീറ്റർ വരെ ശക്തമായ മഴ രേഖപ്പെടുത്തിയേക്കാം. ആദ്യത്തെ വലിയ മഴമേഘ പാളി (Rainband) തിങ്കൾ, ചൊവ്വാ ദിവസങ്ങളിലും, രണ്ടാമത്തേത് ബുധൻ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലും ഈ മേഖല കടന്നുപോകും. വിക്ടോറിയ, ന്യൂ സൗത്ത് വെയ്‌ൽസ്, തെക്ക്-പടിഞ്ഞാറൻ ക്വീൻസ്‌ലാന്റ് എന്നീ വലിയൊരു പ്രദേശത്തെ ഈ മഴ ബാധിക്കും.
ബ്യൂറോ ഓഫ് മീറ്റീരിയോളജി ഈ മാസം ആദ്യം പ്രഖ്യാപിച്ച വരണ്ട കാലാവസ്ഥാ പ്രവചനങ്ങൾക്ക് വിപരീതമായി ഇത്രയും കനത്ത മഴ പെയ്യാൻ കാരണം 'സാം' (Southern Annular Mode - SAM) എന്ന മറ്റൊരു ശക്തമായ കാലാവസ്ഥാ പ്രതിഭാസമാണ്. ദക്ഷിണ സമുദ്രത്തിലെ പടിഞ്ഞാറൻ കാറ്റിന്റെ ദിശയെ നിർണ്ണയിക്കുന്ന സാം ഇൻഡക്സ് ജൂൺ 24-ന് +4.41 എന്ന നിരക്കിൽ എത്തിയിരുന്നു. ഇത് 2023 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ശക്തമായ ഈ പോസിറ്റീവ് 'സാം' പ്രതിഭാസം കിഴക്ക് നിന്നും വലിയ തോതിൽ ഉഷ്ണമേഖലാ ഈർപ്പത്തെ ഓസ്‌ട്രേലിയൻ വൻകരയിലേക്ക് ആകർഷിക്കുന്നതിനാലാണ് എൽ നിന്യോ വില്ലനായെത്തുന്ന ഈ മഞ്ഞുകാലത്തും രാജ്യം വലിയ തോതിൽ നനയുന്നത്. എങ്കിലും, വരും മാസങ്ങളിൽ എൽ നിന്യോ ശക്തമാകുന്നതോടെ ശീതകാലത്തിന്റെ അവസാനത്തിൽ മഴയുടെ അളവ് വീണ്ടും കുറയാൻ തന്നെയാണ് സാധ്യതയെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.