വിലക്കുകൾ ഫലം കാണുന്നില്ല; 16 വയസ്സിൽ താഴെയുള്ള 80% ഓസ്‌ട്രേലിയൻ കൗമാരക്കാരും സോഷ്യൽ മീഡിയയിൽ

ടെക് പ്ലാറ്റ്‌ഫോമുകൾ കൃത്യമായ പ്രായപരിശോധനയും സുരക്ഷാ മാനദണ്ഡങ്ങളും നടപ്പിലാക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് കുട്ടികളിൽ ഭൂരിഭാഗവും ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായി തുടരാൻ കാരണമെന്ന് റിപ്പോർട്ട്
Social Media Apps
കൗമാരക്കാരുടെ സോഷ്യൽ മീഡിയ നിരോധനംSwello/ Unsplash
Published on

സിഡ്‌നി: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന നിരോധനമേർപ്പെടുത്തിയ ഓസ്‌ട്രേലിയൻ സർക്കാരിന്റെ തീരുമാനം ലക്ഷ്യം കാണുന്നില്ലെന്ന് റിപ്പോർട്ട്. നിയമം പ്രാബല്യത്തിൽ വന്ന് മൂന്ന് മാസത്തിന് ശേഷവും രാജ്യത്തെ 10-ൽ 8 കൗമാരക്കാരും ഇപ്പോഴും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തുടരുന്നതായി ഓസ്‌ട്രേലിയൻ ഓൺലൈൻ റെഗുലേറ്ററായ 'ഇ-സേഫ്റ്റി' നടത്തിയ പഠനത്തിൽ കണ്ടെത്തി.

ടെക് പ്ലാറ്റ്‌ഫോമുകൾ കൃത്യമായ പ്രായപരിശോധനയും സുരക്ഷാ മാനദണ്ഡങ്ങളും നടപ്പിലാക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് കുട്ടികളിൽ ഭൂരിഭാഗവും ഇപ്പോഴും വ്യാജ അക്കൗണ്ടുകളിലൂടെയോ പഴയ അക്കൗണ്ടുകൾ വഴിയോ സോഷ്യൽ മീഡിയയിൽ സജീവമായി തുടരാൻ കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡിസംബർ 10-നാണ് ഓസ്‌ട്രേലിയയിൽ ചരിത്രപരമായ നിരോധനം പ്രാബല്യത്തിൽ വന്നത്. നിരോധനത്തിന് മുൻപ് 86 ശതമാനമായിരുന്ന കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം മാർച്ച് മാസത്തിലും 81 ശതമാനമായിത്തന്നെ തുടരുകയാണ്. യൂട്യൂബ്, ടിക് ടോക്, സ്നാപ്ചാറ്റ് തുടങ്ങിയ പ്രമുഖ ആപ്പുകളിലെ അക്കൗണ്ടുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും ഉപയോഗത്തിന്റെ ആവൃത്തിയിൽ കാര്യമായ മാറ്റം വന്നിട്ടില്ലെന്നും ലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ നടപടികൾ കടുപ്പിക്കുമെന്നും റെഗുലേറ്റർ വ്യക്തമാക്കി.

Metro Australia
maustralia.com.au