ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയൻ പതാകയുമായി ബഹിരാകാശത്തേക്ക്; കാതറിൻ ബെന്നൽ-പെഗിനായി നിർദേശം

നിർദ്ദേശം യൂറോപ്യൻ സ്പേസ് ഏജൻസി അംഗീകരിച്ചാൽ, സ്വന്തം രാജ്യത്തിന്റെ ഔദ്യോഗിക പ്രതിനിധിയായി ബഹിരാകാശത്തേക്ക് പറക്കുന്ന ചരിത്രത്തിലെ ആദ്യത്തെ ഓസ്‌ട്രേലിയൻ പൗരയായി കാതറിൻ മാറും.
Katherine Bennell-Pegg
കാതറിൻ ബെന്നൽ-പെഗ്Supplied: Eugene Hyland
Published on: 

കാൻബറ: 'ഓസ്‌ട്രേലിയൻ ഓഫ് ദി ഇയർ' കാതറിൻ ബെന്നൽ-പെഗിനെ (Katherine Bennell-Pegg) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) അയക്കുന്നതിനായി യൂറോപ്യൻ സ്പേസ് ഏജൻസിക്ക് (ESA) അന്തിമ നിർദ്ദേശം സമർപ്പിച്ച് ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ. നിർദ്ദേശം യൂറോപ്യൻ സ്പേസ് ഏജൻസി അംഗീകരിച്ചാൽ, സ്വന്തം രാജ്യത്തിന്റെ ഔദ്യോഗിക പ്രതിനിധിയായി ബഹിരാകാശത്തേക്ക് പറക്കുന്ന ചരിത്രത്തിലെ ആദ്യത്തെ ഓസ്‌ട്രേലിയൻ പൗരയായി കാതറിൻ മാറും.

മുൻപ് ബഹിരാകാശത്തേക്ക് പോയിട്ടുള്ള ഓസ്‌ട്രേലിയക്കാർ ഒന്നുകിൽ സ്വകാര്യ കമ്പനികളുടെ പേടകങ്ങളിലോ അല്ലെങ്കിൽ അമേരിക്കൻ പൗരത്വം സ്വീകരിച്ച് നാസയുടെ (NASA) ഭാഗമായോ ആണ് യാത്ര തിരിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയൻ പതാക പതിപ്പിച്ച സ്പേസ് സ്യൂട്ട് ധരിച്ച് ഒരു ഓസ്‌ട്രേലിയൻ ബഹിരാകാശ സഞ്ചാരി പറന്നുയരുന്നത് രാജ്യത്തിന്റെ ദീർഘകാല സ്വപ്നമാണെന്ന് സയൻസ് മന്ത്രി ടിം അയേഴ്സ് വ്യക്തമാക്കി. ദൗത്യത്തിന് അംഗീകാരം ലഭിച്ചാൽ ജർമ്മനിയിലെ കൊളോണിലുള്ള ഇഎസ്എ ആസ്ട്രോനട്ട് ട്രെയിനിംഗ് സെന്ററിലും യുഎസിലെ നാസ കേന്ദ്രങ്ങളിലും കാതറിന് വിപുലമായ പരിശീലനം പൂർത്തിയാക്കേണ്ടതുണ്ട്.

ഏകദേശം 100 ദശലക്ഷം ഡോളറാണ് ദൗത്യത്തിന്റെ ചെലവായി നേരത്തെ ഇഎസ്എ അറിയിച്ചിരുന്നത്. ഇതിനായി വൻകിട വ്യവസായികൾ, ജീവകാരുണ്യ പ്രവർത്തകർ, വിവിധ സംസ്ഥാന സർക്കാരുകൾ എന്നിവരിൽ നിന്ന് സംഭാവനകൾ സമാഹരിക്കുന്നതിനായി 'ഫ്ലൈ കാതറിൻ' (flyKatherine) എന്ന പേരിൽ പ്രത്യേക ക്യാമ്പയിൻ നടന്നുവരികയാണ്. ഇതിനകം തന്നെ ഇതിലേക്ക് 25 ദശലക്ഷം ഡോളറിലധികം സമാഹരിച്ചുകഴിഞ്ഞു. കാതറിന് പിന്തുണ പ്രഖ്യാപിച്ച് ഫണ്ട് നൽകുമെന്ന് സൗത്ത് ഓസ്‌ട്രേലിയൻ സർക്കാർ മാത്രമാണ് നിലവിൽ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളത്. സർക്കാരിന്റെ അന്തിമ ബിഡിന്മേലുള്ള യൂറോപ്യൻ സ്പേസ് ഏജൻസിയുടെ മറുപടി ഈ വർഷാവസാനത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Metro Australia
maustralia.com.au