

കാൻബറ: സ്കിൽഡ് മൈഗ്രേഷൻ വഴി ഓസ്‌ട്രേലിയയിൽ സ്ഥിരതാമസം ആഗ്രഹിക്കുന്ന വിദേശികൾക്കായി വിസ പ്രൊസസ്സിംഗ് മുൻഗണനകളിൽ വൻ മാറ്റങ്ങൾ വരുത്തി ഓസ്‌ട്രേലിയൻ സർക്കാർ. രാജ്യത്തിന് പുറത്തുനിന്ന് (Offshore) അപേക്ഷിക്കുന്നവരെക്കാൾ നിലവിൽ ഓസ്‌ട്രേലിയയിൽ താത്കാലിക വിസയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവർക്കാണ് (Onshore) വിസ അനുവദിക്കുന്നതിൽ ഇനി മുതൽ ഉയർന്ന മുൻഗണന ലഭിക്കുക. ആഭ്യന്തര പ്രിൻസിപ്പൽ ആഭ്യന്തര സുരക്ഷാ മന്ത്രി ടോണി ബർക്ക് (Tony Burke) ഇത് സംബന്ധിച്ച പുതിയ മിനിസ്റ്റീരിയൽ ഡയറക്ഷനിൽ (Direction 119) ഒപ്പുവെച്ചു. രാജ്യത്തെ അറ്റ വിദേശ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
അതേസമയം, ആകെ നൽകുന്ന സ്ഥിരതാമസ വിസകളുടെ എണ്ണത്തിൽ കുറവ് വരുത്താതെ തന്നെ, നിലവിൽ ഓസ്‌ട്രേലിയയിലുള്ള താത്കാലിക വിസക്കാരെ പി.ആറിലേക്ക് (PR) മാറ്റുന്നതിലൂടെ വിദേശത്തുനിന്നുള്ള പുതിയ ആളുകളുടെ കടന്നുവരവ് പ്രതിരോധിക്കാൻ ഇതിലൂടെ സാധിക്കും. ഡിഫൻസ്, ലോ എൻഫോഴ്‌സ്‌മെന്റ്, ഹെൽത്ത്‌കെയർ, കൺസ്ട്രക്ഷൻ, ടീച്ചിംഗ് തുടങ്ങിയ മേഖലകളിലുള്ളവർക്ക് പ്രൊസസ്സിംഗിൽ ഏറ്റവും ഉയർന്ന മുൻഗണന ലഭിക്കും. ഓസ്‌ട്രേലിയയിൽ പഠനം പൂർത്തിയാക്കി ബിരുദാനന്തര വർക്ക് വിസയിലും മറ്റ് താത്കാലിക വിസകളിലും കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഈ തീരുമാനം വലിയ നേട്ടമാകും. എന്നാൽ, ഇന്ത്യയിൽ നിന്ന് നേരിട്ട് പി.ആറിനായി ഓസ്‌ട്രേലിയൻ വിസയ്ക്ക് അപേക്ഷിക്കുന്നവർ വിസ ലഭിക്കുന്നതിനായി കൂടുതൽ കാലം കാത്തിരിക്കേണ്ടി വരും.