

സിഡ്‌നി: ഓസ്‌ട്രേലിയയിൽ രാഷ്ട്രീയ അഭയം തേടിയ ഇറാൻ വനിതാ ഫുട്ബോൾ ടീമിലെ അംഗങ്ങളെ സർക്കാർ അടിയന്തരമായി പുതിയ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. അഭയം തേടിയ ഏഴ് പേരിൽ ഒരാൾ പെട്ടെന്ന് തീരുമാനം മാറ്റുകയും ടീമിനെ താമസിപ്പിച്ചിരുന്ന രഹസ്യ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇറാൻ എംബസിക്ക് ചോർത്തി നൽകുകയും ചെയ്തതിനെത്തുടർന്നാണ് നടപടി. ഇമിഗ്രേഷൻ മന്ത്രി ടോണി ബർക്ക് ആണ് ഓസ്‌ട്രേലിയൻ പാർലമെന്റിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് താരങ്ങൾ ഇറാൻ സർക്കാരിന്റെ കണ്ണിലെ കരടായത്. ഇവരെ 'രാജ്യദ്രോഹികൾ' എന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ വിശേഷിപ്പിച്ചതോടെ നാട്ടിലേക്ക് മടങ്ങിയാൽ വധശിക്ഷയോ തടവോ ലഭിക്കുമെന്ന ഭീതിയിലായിരുന്നു താരങ്ങൾ. ഇറാന്റെ പരമോന്നത നേതാവ് അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യവും താരങ്ങളെ ഓസ്‌ട്രേലിയയിൽ തുടരാൻ പ്രേരിപ്പിച്ചു. എന്നാൽ ടീമിലൊരാൾ കോച്ചിന്റെയും സഹതാരങ്ങളുടെയും നിർദ്ദേശപ്രകാരം എംബസിയുമായി ബന്ധപ്പെട്ടത് മറ്റ് ആറ് പേരുടെ സുരക്ഷയെ ബാധിക്കുമെന്ന് കണ്ടാണ് സർക്കാർ ഇടപെടൽ.
അതേസമയം, അമേരിക്കയും ഓസ്‌ട്രേലിയയും ചേർന്ന് താരങ്ങളെ ബന്ദികളാക്കിയിരിക്കുകയാണെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ആരോപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഓസ്‌ട്രേലിയയെ സമ്മർദ്ദത്തിലാക്കിയാണ് താരങ്ങൾക്ക് അഭയം നൽകിച്ചതെന്നാണ് ഇറാന്റെ വാദം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മുൻനിർത്തി അമേരിക്കയിൽ നടക്കാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിൽ നിന്ന് ഇറാന്റെ പുരുഷ ടീം പിന്മാറുന്നതായും കായിക മന്ത്രി അഹമ്മദ് ദുനിയമാലി അറിയിച്ചു.