കാൻബറ: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും സങ്കീർണ്ണവും ഭീഷണിയുയർത്തുന്നതുമായ സാഹചര്യങ്ങൾ നേരിടാൻ ഓസ്‌ട്രേലിയൻ സൈന്യത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ ബജറ്റ് വൻതോതിൽ വർദ്ധിപ്പിക്കുന്നു. നിലവിൽ ജിഡിപിയുടെ 2 ശതമാനമുള്ള പ്രതിരോധ ചിലവ് 2033-ഓടെ 3 ശതമാനമായി ഉയർത്താനാണ് പ്രധാനമന്ത്രി ആന്തണി അൽബാനിസിന്ർ നേതൃത്വത്തിലുള്ള ലേബർ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി അടുത്ത ഒരു ദശകത്തിനുള്ളിൽ 117 ബില്യൺ ഡോളറിന്റെ അധിക ചിലവാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
ഇന്തോ-പസഫിക് മേഖലയിൽ ചൈനയും അമേരിക്കയും തമ്മിലുള്ള സ്വാധീനശക്തിക്കായുള്ള മത്സരം വർദ്ധിക്കുന്നതും ആഗോള സുരക്ഷാ മാനദണ്ഡങ്ങളിൽ വരുന്ന മാറ്റങ്ങളുമാണ് ഓസ്‌ട്രേലിയയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. സൈന്യത്തിന്റെ ശേഷി വർദ്ധിപ്പിക്കാനും കൂടുതൽ സ്വയംപര്യാപ്തമായ ഒരു പ്രതിരോധ സേനയെ വാർത്തെടുക്കാനും ഈ തുക ഉപയോഗിക്കും. സമാധാനകാലത്ത് രാജ്യം നടത്തുന്ന ഏറ്റവും വലിയ പ്രതിരോധ നിക്ഷേപമാണിതെന്ന് പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലസ് പറഞ്ഞു. വ്യാഴാഴ്ച പുറത്തിറക്കുന്ന 'നാഷണൽ ഡിഫൻസ് സ്ട്രാറ്റജി'യിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർക്കാർ വ്യക്തമാക്കും.
പ്രതിരോധ ചിലവ് ജിഡിപിയുടെ 3.5 ശതമാനമായി ഉയർത്താൻ അമേരിക്കയിലെ ട്രംപ് ഭരണകൂടം ഓസ്‌ട്രേലിയയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഉയർന്ന പ്രതിരോധ വിഹിതവും സ്വകാര്യ മൂലധനവും പ്രയോജനപ്പെടുത്തിയായിരിക്കും ഈ വൻതുക സർക്കാർ കണ്ടെത്തുക. പുതിയ ആയുധശേഖരങ്ങൾ സ്വന്തമാക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യ സൈന്യത്തിൽ ഉൾപ്പെടുത്തുന്നതിനും പദ്ധതി മുൻഗണന നൽകുന്നു.