ഓസ്‌ട്രേലിയൻ ജനസംഖ്യ 2.79 കോടി കടന്നു; 75 ശതമാനവും വിദേശ കുടിയേറ്റം വഴി

ഏറ്റവും കുറഞ്ഞ വളർച്ച ടാസ്മേനിയയിലാണ് (0.6 ശതമാനം). കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനമാണ് താമസത്തിനായി തിരഞ്ഞെടുത്തത്.
Australia
Australia Srikant Sahoo, Unsplash
Published on

കാൻബറ: കഴിഞ്ഞ ഒരു വർഷത്തിനിടെ ഓസ്‌ട്രേലിയയിലെ ജനസംഖ്യയിൽ 3.92 ലക്ഷത്തിലധികം ആളുകളുടെ വർധനവ് രേഖപ്പെടുത്തിയതായി ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ABS). ഇതോടെ രാജ്യത്തെ ആകെ ജനസംഖ്യ 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് 2.79 കോടിയായി (27.9 million) ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് 1.4 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജനസംഖ്യാ വർധനവിന്റെ 75 ശതമാനത്തോളവും വിദേശ കുടിയേറ്റം വഴിയാണെന്ന് എബിഎസ് പോപ്പുലേഷൻ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ജോൺ ജാർവിസ് വ്യക്തമാക്കി.

2025 മാർച്ച് മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ വിദേശ കുടിയേറ്റത്തിലൂടെ 2,92,100 പേർ അധികമായി എത്തി. ജനന-മരണ നിരക്കുകൾ തമ്മിലുള്ള സ്വാഭാവിക വ്യത്യാസത്തിലൂടെ 1,00,600 ആളുകളാണ് ജനസംഖ്യയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത്. എല്ലാ സംസ്ഥാനങ്ങളിലും ജനസംഖ്യാ വളർച്ച രേഖപ്പെടുത്തിയപ്പോൾ, 2.1 ശതമാനം വാർഷിക വളർച്ചയോടെ വെസ്റ്റേൺ ഓസ്‌ട്രേലിയയാണ് ഏറ്റവും വേഗത്തിൽ വളരുന്ന സംസ്ഥാനമായത്. ഏറ്റവും കുറഞ്ഞ വളർച്ച ടാസ്മേനിയയിലാണ് (0.6 ശതമാനം). കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനമാണ് താമസത്തിനായി തിരഞ്ഞെടുത്തത്.

Metro Australia
maustralia.com.au