

ഫേസ്ബുക്ക്, ഗൂഗിൾ, ടിക് ടോക് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഓസ്‌ട്രേലിയൻ മാധ്യമങ്ങളുമായി വാർത്താ കരാറുകളിൽ ഏർപ്പെട്ടില്ലെങ്കിൽ അവരുടെ വാർഷിക വരുമാനത്തിന്റെ 2.25 ശതമാനം സർക്കാരിലേക്ക് നൽകേണ്ടി വരുമെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസ് അറിയിച്ചു. 'ന്യൂസ് ബാർഗൈനിംഗ് ഇൻസെന്റീവ്' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ നിയമം വഴി സമാഹരിക്കുന്ന തുക, വാർത്താ മാധ്യമങ്ങൾക്ക് അവരുടെ പത്രപ്രവർത്തകരുടെ എണ്ണത്തിന് അനുസൃതമായി സർക്കാർ വിതരണം ചെയ്യും. 2025-26 സാമ്പത്തിക വർഷം മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് കരട് ബില്ലിൽ പറയുന്നത്.
ഓസ്‌ട്രേലിയയിൽ 250 മില്യൺ ഡോളറിന് മുകളിൽ വാർഷിക വരുമാനമുള്ള സോഷ്യൽ മീഡിയ, സെർച്ച് എഞ്ചിൻ കമ്പനികൾക്കാണ് ഈ നിയമം പ്രധാനമായും ബാധകമാകുന്നത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ മാധ്യമങ്ങളുമായി നേരിട്ട് കരാറിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം. ചെറിയ മാധ്യമസ്ഥാപനങ്ങളുമായി കരാറിലെത്തുന്ന കമ്പനികൾക്ക് നികുതിയിൽ ഇളവുകൾ നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ നീക്കത്തെ നയൻ എന്റർടൈൻമെന്റ്, എബിസി, ന്യൂസ് കോർപ്പ് ഓസ്‌ട്രേലിയ തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾ സ്വാഗതം ചെയ്തു.
അതേസമയം, പുതിയ നിയമം ഡിജിറ്റൽ സർവീസ് ടാക്സ് ആണെന്നും ഇതിനോട് യോജിക്കാനാവില്ലെന്നും മെറ്റാ, ഗൂഗിൾ എന്നീ കമ്പനികൾ പ്രതികരിച്ചു. അമേരിക്കൻ ടെക് കമ്പനികൾക്ക് മേൽ നികുതി ചുമത്തുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം രംഗത്തെത്തിയേക്കുമെന്ന സൂചനയുണ്ടെങ്കിലും, ഓസ്‌ട്രേലിയയുടെ ദേശീയ താത്പര്യം സംരക്ഷിക്കാനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസി വ്യക്തമാക്കി. പ്ലാറ്റ്‌ഫോമുകൾ കരാറുകളിൽ ഏർപ്പെടാൻ തയ്യാറായില്ലെങ്കിൽ അവർക്ക് വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.