

ബ്രിസ്ബേൻ: ശരീരഭാരം കുറയ്ക്കാനും പേശീബലം കൂട്ടാനും മുൻകരുതലുകളില്ലാതെ അനധികൃതമായി 'പെപ്റ്റൈഡ്' (Peptide) മരുന്നുകൾ കുത്തിവെക്കുന്നവരുടെ എണ്ണം ഓസ്‌ട്രേലിയയിൽ വൻതോതിൽ ഉയർന്നതോടെ വിതരണ കേന്ദ്രങ്ങളിൽ സൗജന്യ സിറിഞ്ചുകൾക്ക് കടുത്ത ക്ഷാമം. ലഹരിയുപയോഗിക്കുന്നവർക്കിടയിൽ എച്ച്.ഐ.വി (HIV), ഹെപ്പറ്റൈറ്റിസ് തുടങ്ങിയ മാരകരോഗങ്ങൾ പടരുന്നത് തടയാൻ പ്രവർത്തിക്കുന്ന 'നീഡിൽ എക്സ്ചേഞ്ച്' കേന്ദ്രങ്ങളിലാണ് നിലവിൽ ഇൻജക്ഷൻ ഉപകരണങ്ങളുടെ കിരവ് അനുഭവപ്പെടുന്നത്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ വ്യാജ പ്രചാരണങ്ങളിൽ വീണ് ഓൺ ലൈൻ വഴിയാണ് പലരും അംഗീകാരമില്ലാത്ത ഇത്തരം പെപ്റ്റൈഡ് മരുന്നുകൾ വിദേശത്തുനിന്നും വാങ്ങി ഉപയോഗിക്കുന്നത്. പരിശോധനകളില്ലാതെ പെപ്റ്റൈഡുകൾ കുത്തിവെച്ചതിനെ തുടർന്ന് കരൾ രോഗങ്ങളും (Liver toxicity) മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളും ബാധിച്ച് നിരവധി പേരാണ് ഓസ്‌ട്രേലിയയിലെ അത്യാഹിത വിഭാഗങ്ങളിൽ ചികിത്സ തേടുന്നത്. നീഡിൽ എക്സ്ചേഞ്ച് സെന്ററുകളിൽ സിറിഞ്ചുകൾ തീരുന്നത് മൂലം ലഹരി ഉപയോഗിക്കുന്നവർ ഒരേ സൂചികൾ പങ്കുവെക്കാൻ സാധ്യതയുണ്ടെന്നും, ഇത് വർഷങ്ങളായി രാജ്യം കൈവരിച്ച എച്ച്.ഐ.വി വിരുദ്ധ മുന്നേറ്റങ്ങൾക്ക് തിരിച്ചടിയാകുമെന്നും ക്വീൻസ്‌ലാന്റ് ഇൻജക്ടേഴ്സ് ഹെൽത്ത് നെറ്റ്‌വർക്ക് (QuIHN) ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.