

കാൻബറ: വാർത്താ ഉള്ളടക്കങ്ങൾ ഉപയോഗിക്കുന്നതിന് പ്രാദേശിക മാധ്യമസ്ഥാപനങ്ങളുമായി വാണിജ്യ കരാറുകളിൽ ഏർപ്പെടാത്ത വൻകിട ടെക് കമ്പനികൾക്ക് കനത്ത പിഴവ് ചുമത്തുന്ന ന്യൂസ് ബാർഗെയിനിംഗ് ഇൻസെന്റീവ് (News Bargaining Incentive) നിയമം ഓസ്‌ട്രേലിയൻ പാർലമെന്റ് പാസാക്കി. പ്രാദേശിക മാധ്യമങ്ങളുമായി കരാറിലെത്താൻ പരാജയപ്പെടുന്ന പക്ഷം, ടെക് ഭീമന്മാരുടെ ഓസ്‌ട്രേലിയയിലെ ഡിജിറ്റൽ പരസ്യവരുമാനത്തിൽ നിന്ന് 2.5 ശതമാനം ലെവി (Levy) ഈടാക്കുന്നതാണ് പുതിയ നിയമം. ഈ തുക രാജ്യത്തെ മാധ്യമപ്രവർത്തനത്തെയും വാർത്താ നിർമ്മാണത്തെയും പിന്തുണയ്ക്കാനായി ഉപയോഗിക്കും.
ഓസ്‌ട്രേലിയയിൽ 250 മില്യൺ ഡോളറിലധികം പ്രാദേശിക പരസ്യവരുമാനം നേടുന്ന ഗൂഗിൾ (Google), മെറ്റ (Meta), ടിക് ടോക് (TikTok), ലിങ്ക്ഡ്ഇൻ (LinkedIn) തുടങ്ങിയ മുൻനിര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കാണ് നിയമം ബാധകമാകുന്നത്. ലെവി ഒഴിവാക്കുന്നതിനായി, റിപ്പോർട്ടിംഗ് കാലയളവ് അവസാനിക്കുന്നതിന് മുൻപ് കുറഞ്ഞത് എട്ട് വ്യത്യസ്ത മാധ്യമസ്ഥാപനങ്ങളുമായെങ്കിലും കമ്പനികൾ കരാറിലെത്തണം. ചെറുതും പ്രാദേശികവുമായ മാധ്യമങ്ങളുമായി ഒപ്പുവെക്കുന്ന കരാറുകൾക്ക് ഉയർന്ന നികുതി ഇളവുകൾ (Offset) നൽകുന്ന വ്യവസ്ഥയും നിയമത്തിലുണ്ട്. മാധ്യമ ഉള്ളടക്കങ്ങൾ വഴിയുള്ള യൂസർ എൻഗേജ്‌മെന്റിൽ നിന്ന് ടെക് കമ്പനികൾ പരസ്യവരുമാനം കൊയ്യുമ്പോൾ മാധ്യമസ്ഥാപനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനാണ് ഈ നിർണ്ണായക നടപടിയെന്ന് ഓസ്‌ട്രേലിയൻ സർക്കാർ വ്യക്തമാക്കി.