കുടിയേറ്റക്കാരുടെ എണ്ണം; ലേബർ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025-ൽ ആകെ 3,01,000 പേരാണ് നെറ്റ് ഓവർസീസ് മൈഗ്രേഷൻ വഴി പുതുതായി രാജ്യത്തെത്തിയത്.
australia flag
ABC News
Published on

കാൻബറ: കോവിഡ് പ്രതിസന്ധികൾക്ക് ശേഷം ഓസ്‌ട്രേലിയയിലേക്കുള്ള വിദേശ കുടിയേറ്റക്കാരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും, രാജ്യം താങ്ങാനാവാത്ത വിധം വലിയൊരു 'പുതിയ സാധാരണ നിരക്കിലേക്ക്' മാറുകയാണെന്ന് പ്രതിപക്ഷം. ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യാഴാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025-ൽ ആകെ 3,01,000 പേരാണ് നെറ്റ് ഓവർസീസ് മൈഗ്രേഷൻ വഴി പുതുതായി രാജ്യത്തെത്തിയത്. ഇത് മുൻവർഷത്തെ 3,06,000 എന്ന നിരക്കിന് സമാനമാണ്. 2022-ലെ അതിവേഗ കുടിയേറ്റ നിരക്കായ 5,56,000-ൽ നിന്നും കുറവാണെങ്കിലും, സർക്കാരിന്റെ ദീർഘകാല പ്രതീക്ഷയായ 2,25,000-നേക്കാൾ വളരെ ഉയർന്ന നിരക്കാണിത്.

തുടർച്ചയായ 14 ക്വാർട്ടറുകളായി (ത്രൈമാസം) കുടിയേറ്റക്കാരുടെ എണ്ണം 3 ലക്ഷത്തിന് മുകളിൽ തന്നെ തുടരുന്നത് ലേബർ സർക്കാരിന്റെ പരാജയമാണെന്ന് ഷാഡോ ഇമിഗ്രേഷൻ മന്ത്രി ജോണോ ഡുനിയം കുറ്റപ്പെടുത്തി. കുടിയേറ്റ നിരക്ക് കുറയ്ക്കണമെന്ന ആവശ്യവുമായി പോളിൻ ഹാൻസന്റെ 'വൺ നേഷൻ' പാർട്ടിയും ലിബറൽ പ്രതിപക്ഷ സഖ്യവും രംഗത്തുണ്ട്. രാജ്യത്തെ വീട്ടുവാടക കൂടുന്നതിനും ഭവനക്ഷാമത്തിനും പ്രവാസി വർദ്ധനവ് കാരണമാകുന്നുവെന്നാണ് ഇവരുടെ വാദം. വൺ നേഷൻ പാർട്ടി പ്രതിവർഷ വിസകളുടെ എണ്ണം 1,30,000 ആയി പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു. പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലറും വൻതോതിലുള്ള വിസ വെട്ടിക്കുറയ്ക്കലുകൾ ഉണ്ടാകുമെന്ന സൂചന നൽകിയിട്ടുണ്ട്.

വീട് നിർമ്മാണത്തിനും ആരോഗ്യമേഖലയ്ക്കും വിദേശ പ്രൊഫഷണലുകൾ അത്യാവശ്യം:

അതേസമയം, കുടിയേറ്റ നിരക്ക് മുൻവർഷത്തെ അപേക്ഷിച്ച് 45 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്ന് ട്രഷറർ ജിം ചാൽമേഴ്‌സ് പ്രതിരോധിച്ചു. വരും വർഷങ്ങളിൽ ഇത് ഇനിയും കുറയുമെന്നാണ് ട്രഷറി പ്രവചിക്കുന്നത്. രാജ്യത്തെ പ്രായമായവരെ പരിചരിക്കുന്നതിനും പുതിയ വീടുകൾ നിർമ്മിക്കുന്നതിനും വിദേശത്തുനിന്നുള്ള വിദഗ്ദ്ധ തൊഴിലാളികൾ ) അത്യന്താപേക്ഷിതമാണെന്ന് ഇമിഗ്രേഷൻ മന്ത്രി ടോണി ബർക്ക് വ്യക്തമാക്കി. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും താല്കാലിക വിസക്കാരുടെയും എണ്ണത്തിൽ കഴിഞ്ഞ വർഷം 10 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെയും പ്രവാസികളുടെയും വരവ് രാജ്യത്തെ ഭവന നിർമ്മാണ ശേഷിയുമായി പൊരുത്തപ്പെട്ടു പോകേണ്ടതാണെന്ന് സമ്മതിച്ച മന്ത്രി, എന്നാൽ നിർമ്മാണ മേഖലയിലേക്ക് ആവശ്യത്തിന് ആളുകളെ എത്തിച്ചില്ലെങ്കിൽ അത് ഭവന പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്നും ഓർമ്മിപ്പിച്ചു.

Metro Australia
maustralia.com.au