

രക്തശേഖരത്തിലെ സമ്മർദ്ദം വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത ഏഴ് ദിവസത്തിനുള്ളിൽ O ഗ്രൂപ്പ് രക്തത്തിന്റെ 5,700 പുതിയ ദാതാക്കളെ ആവശ്യമുണ്ടെന്ന് ഓസ്ട്രേലിയൻ രക്തദാന സേവനമായ Lifeblood അറിയിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾക്കും സീസണൽ രോഗങ്ങൾക്കും പിന്നാലെ രക്തദാനങ്ങളുടെ എണ്ണം കുറയുന്നത് നിലവിലെ വിതരണത്തെ ബാധിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ രോഗിയുടെ രക്തഗ്രൂപ്പ് അറിയാത്തപ്പോൾ ഉപയോഗിക്കാൻ കഴിയുന്നതിനാൽ O ഗ്രൂപ്പ് രക്തത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഓസ്ട്രേലിയ, കാനഡ, ഇംഗ്ലണ്ട് എന്നീ മൂന്ന് രാജ്യങ്ങൾ ഒരുമിച്ചാണ് കൂടുതൽ ആളുകളോട് രക്തദാനത്തിന് മുന്നോട്ടുവരാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ രാജ്യങ്ങൾ ഒരേ സമയം ദാതാക്കളെ ആഹ്വാനം ചെയ്യുന്നത് രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ ആളുകളിൽ അവബോധം സൃഷ്ടിക്കാനാണെന്ന് Lifeblood ചീഫ് കസ്റ്റമർ ഓഫീസർ കാത് സ്റ്റോൺ പറഞ്ഞു.
“നമ്മുടെ രാജ്യങ്ങളിലായി ദശലക്ഷക്കണക്കിന് ആളുകൾക്ക് രക്തം ദാനം ചെയ്യാൻ യോഗ്യതയുണ്ട്. എന്നാൽ അതിൽ ചെറിയൊരു വിഭാഗം മാത്രമാണ് രക്തദാനം ചെയ്യുന്നത്. മറ്റൊരാളുടെ ജീവിതത്തിൽ യഥാർഥ മാറ്റം സൃഷ്ടിക്കാൻ കഴിയുന്ന ഏറ്റവും ലളിതമായ മാർഗങ്ങളിലൊന്നാണ് രക്തദാനം,” സ്റ്റോൺ പറഞ്ഞു. രക്തദാതാവാകാനുള്ള ആദ്യ ചുവടുവയ്ക്കാൻ കൂടുതൽ ആളുകൾ തയ്യാറാകണമെന്നും അവർ അഭ്യർഥിച്ചു. അടിയന്തര ചികിത്സകൾ, ശസ്ത്രക്രിയകൾ, അപകടങ്ങൾ എന്നിവയുൾപ്പെടെ വിവിധ സാഹചര്യങ്ങളിൽ ആവശ്യമായ രക്തശേഖരം നിലനിർത്തുന്നതിന് സ്ഥിരം ദാതാക്കളുടെ എണ്ണം വർധിപ്പിക്കേണ്ടത് നിർണായകമാണെന്നാണ് Lifeblood വ്യക്തമാക്കുന്നത്.