കുടിയേറ്റം വെട്ടിച്ചുരുക്കാനുള്ള നീക്കം തിരിച്ചടിയാകും; തൊഴിലാളി ക്ഷാമം സമ്പദ്‌വ്യവസ്ഥയെ തകർക്കും

വിദഗ്ദ്ധ തൊഴിലാളികളുടെ വരവ് തടസ്സപ്പെടുന്നത് ദേശീയ സമ്പദ്‌വ്യവസ്ഥയെയും അടിസ്ഥാന സൗകര്യ വികസനത്തെയും സാരമായി ബാധിക്കുമെന്ന് വ്യവസായ പ്രമുഖർ ചൂണ്ടിക്കാട്ടുന്നു.
Australia skilled worker visas
വിദഗ്ദ്ധ തൊഴിലാളി ക്ഷാമം സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് വ്യവസായ-ഖനന മേഖല Ben Tofan/Unsplash
Published on

മെൽബൺ: ഓസ്‌ട്രേലിയയിൽ കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി പ്രമുഖ ബിസിനസ്-ഖനന സംഘടനകൾ. രാജ്യത്ത് വൻതോതിൽ വികസന പദ്ധതികൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, വിദഗ്ദ്ധ തൊഴിലാളികളുടെ വരവ് തടസ്സപ്പെടുന്നത് ദേശീയ സമ്പദ്‌വ്യവസ്ഥയെയും അടിസ്ഥാന സൗകര്യ വികസനത്തെയും സാരമായി ബാധിക്കുമെന്ന് വ്യവസായ പ്രമുഖർ ചൂണ്ടിക്കാട്ടുന്നു.

ആഗോളതലത്തിൽ വിദഗ്ദ്ധ തൊഴിലാളികൾക്കായി കടുത്ത മത്സരം നടക്കുന്ന കാലഘട്ടത്തിൽ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നത് തിരിച്ചടിയാകുമെന്ന് ഓസ്‌ട്രേലിയൻ ഇൻഡസ്ട്രി ഗ്രൂപ്പ് (Ai Group) ചീഫ് എക്‌സിക്യൂട്ടീവ് ഇന്നസ് വില്ലോക്‌സ് വ്യക്തമാക്കി. ബ്രിസ്ബേൻ ഒളിമ്പിക്സ് നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള നിർണ്ണായക പദ്ധതികൾ പൂർത്തിയാക്കാൻ കുടിയേറ്റ തൊഴിലാളികൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വരുംവർഷങ്ങളിലെ പദ്ധതികൾക്കായി ഖനന മേഖലയിൽ മാത്രം 40,000-ത്തോളം പുതിയ തൊഴിലാളികളുടെ ആവശ്യമുണ്ടെന്ന് മിനറൽസ് കൗൺസിൽ മേധാവി താനിയ കോൺസ്റ്റബിളും വ്യക്തമാക്കി. നിലവിലെ 1,85,000 എന്ന പെർമനന്റ് മൈഗ്രേഷൻ ക്വാട്ട വെട്ടിക്കുറയ്ക്കണമെന്ന രാഷ്ട്രീയ വാദങ്ങൾക്കിടെ, വർക്കിംഗ് ഹോളിഡേ വിസ പ്രോസസ്സിംഗ് വേഗത സർക്കാർ കുറച്ചത് കാർഷിക-ഗ്രാമീണ മേഖലകളിലെ താത്കാലിക തൊഴിൽ വിപണിയെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

Metro Australia
maustralia.com.au