സ്വന്തമായി വീടില്ലാതെ വിശ്രമജീവിതം; ഓസ്‌ട്രേലിയയിലെ വയോധികർ പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്

എന്നാൽ ഉയർന്ന ജീവിതച്ചെലവും വീടുകളുടെ വിലക്കയറ്റവും കാരണം വാടകയ്ക്ക് താമസിക്കുന്ന വയോധികരുടെ എണ്ണം രാജ്യത്ത് ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്.
 Housing Market Grows
Ben Bouvier-Farrell/ Unsplash
Published on

മെൽബൺ: വിരമിക്കൽ പ്രായത്തിലും സ്വന്തമായി വീടില്ലാതെ വാടക വീടുകളിൽ കഴിയേണ്ടി വരുന്ന പ്രായമായ ഓസ്‌ട്രേലിയക്കാർ വലിയ ഭവന പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് ഡെമോഗ്രാഫർമാരുടെയും വയോജന സംഘടനകളുടെയും മുന്നറിയിപ്പ്. വിരമിക്കുമ്പോഴേക്കും ഒരാൾക്ക് സ്വന്തമായി വീടുണ്ടാകും എന്ന സങ്കൽപ്പത്തിലാണ് ഓസ്‌ട്രേലിയയുടെ പെൻഷൻ, സൂപ്പർ ആന്വേഷൻ (Superannuation) സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. എന്നാൽ ഉയർന്ന ജീവിതച്ചെലവും വീടുകളുടെ വിലക്കയറ്റവും കാരണം വാടകയ്ക്ക് താമസിക്കുന്ന വയോധികരുടെ എണ്ണം രാജ്യത്ത് ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്.

മെൽബൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം 65 വയസ്സിന് മുകളിലുള്ള വാടകക്കാരുടെ എണ്ണം 4.6 ശതമാനത്തിൽ നിന്ന് 9.4 ശതമാനമായി ഉയർന്നു. വിരമിച്ച ശേഷം വാടക കൊടുത്ത് ജീവിക്കാൻ സ്വന്തമായി വീടുള്ളവരെ അപേക്ഷിച്ച് ഇരട്ടി സൂപ്പർ ബാലൻസ് ആവശ്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പെൻഷൻ തുകയുടെ 80 ശതമാനത്തിലധികം വാടകയിനത്തിൽ ചിലവഴിക്കേണ്ടി വരുന്നത് വയോധികരുടെ ശാരീരിക-മാനസിക ആരോഗ്യത്തെയും ജീവിത നിലവാരത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. വാടക സഹായ പദ്ധതികൾ (Rent assistance) വിപുലീകരിക്കാനും സർക്കാർ തലത്തിൽ കൂടുതൽ പബ്ലിക് ഹൗസിംഗ് പ്രോജക്ടുകൾ നിർമ്മിക്കാനും അടിയന്തര നടപടി വേണമെന്നാണ് ആവശ്യം ശക്തമാകുന്നത്.

Metro Australia
maustralia.com.au