

കാൻബറ: പങ്കാളി മരിച്ചതിനെ തുടർന്ന് ലഭിക്കുന്ന നിക്ഷേപ വസ്‌തുക്കൾക്ക് നെഗറ്റീവ് ഗിയറിംഗ് ഇളവുകൾ നഷ്ടമാകുന്ന വിവാദപരമായ 'വിധവാ നികുതി' (Widow tax) അപാകത പരിഹരിക്കാൻ ഓസ്‌ട്രേലിയയിലെ ആൽബനീസ് സർക്കാർ പുതിയ നിയമനിർമ്മാണത്തിന് രൂപം നൽകുന്നു. ബജറ്റിലെ നികുതി പരിഷ്കാരങ്ങളെ തുടർന്ന് പങ്കാളി മരിക്കുകയോ, വിവാഹമോചനം നേടുകയോ ചെയ്യുന്ന അവസരങ്ങളിൽ പങ്കാളിയുടെ പേരിലുള്ള വസ്തുവകകൾ അനന്തരാവകാശിയായി ലഭിക്കുമ്പോൾ നികുതി ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുത്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം.
ട്രഷറർ ജിം ചാൽമേഴ്സ് പുറത്തുവിട്ട പുതിയ കരട് നിർദ്ദേശപ്രകാരം, പങ്കാളിയുടെ മരണശേഷം ഇൻവെസ്റ്റ്‌മെന്റ് പ്രോപ്പർട്ടി ലഭിക്കുന്നവർക്ക് മുൻപുണ്ടായിരുന്ന അതേ നെഗറ്റീവ് ഗിയറിംഗ് ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കും. ഇതിനുപുറമെ, നിർമ്മാണം പൂർത്തിയായി 24 മാസത്തിനുള്ളിൽ വാങ്ങുന്ന പുതിയ വീടുകൾക്കും, ഭിന്നശേഷിക്കാർക്കും നിർദ്ധനർക്കും നൽകുന്ന താങ്ങാനാവുന്ന ഭവന പദ്ധതികൾക്കും (Affordable housing) നെഗറ്റീവ് ഗിയറിംഗ് ആനുകൂല്യങ്ങൾ നൽകാൻ തീരുമാനമായിട്ടുണ്ട്. ഓസ്‌ട്രേലിയൻ പ്രതിപക്ഷം സർക്കാരിന്റെ ഈ നീക്കത്തെ വിമർശിച്ചപ്പോൾ, പബ്ലിക് കൺസൾട്ടേഷനായി ഓഗസ്റ്റ് 21 വരെ സമർപ്പിച്ചിരിക്കുന്ന പുതിയ മാറ്റങ്ങൾ വിപണിക്ക് ഗുണം ചെയ്യുമെന്ന് സ്വതന്ത്ര സെനറ്റർ ഡേവിഡ് പോക്കോക്ക് പ്രതികരിച്ചു.