

മെൽബൺ: പശ്ചിമേഷ്യയിലെ യുദ്ധം നീണ്ടുപോവുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും ചെയ്താൽ ഓസ്‌ട്രേലിയയിൽ കോവിഡ് കാലത്തിന് സമാനമായ നിയന്ത്രണങ്ങൾ വേണ്ടിവന്നേക്കാമെന്ന് എഎംപി (AMP) ചീഫ് ഇക്കണോമിസ്റ്റ് ഷെയ്ൻ ഒലിവർ മുന്നറിയിപ്പ് നൽകി. ഇന്ധനവില കുതിച്ചുയരുന്നതിനൊപ്പം റിസർവ് ബാങ്ക് പലിശനിരക്ക് വർദ്ധിപ്പിച്ചത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിച്ചിരിക്കുകയാണ്. പ്രതിമാസം 300 ഡോളറിലധികം അധികച്ചെലവ് ഓരോ കുടുംബത്തിനുമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഇന്ധനക്ഷാമം രൂക്ഷമായാൽ ഓഫിസുകളിൽ പോയി ജോലി ചെയ്യുന്നവരുടെ എണ്ണം കുറയുമെന്നും പല മേഖലകളിലും 'വർക്ക് ഫ്രം ഹോം' വീണ്ടും നിർബന്ധമാക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സാമ്പത്തിക പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കും. അതേസമയം, ഇന്ധനം അനാവശ്യമായി സംഭരിക്കരുതെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസി ജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിലെ പ്രതിസന്ധി മറികടക്കാൻ രാജ്യത്തെ രണ്ട് എണ്ണ ശുദ്ധീകരണ ശാലകളുടെ കാലാവധി നീട്ടുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചുവരികയാണ്.