

കാൻബറ: ജീവിതച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ കേന്ദ്ര സർക്കാർ നൽകിയിരുന്ന ഇന്ധന എക്‌സൈസ് നികുതി ഇളവ് (Fuel excise cut) ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കുന്നു. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെത്തുടർന്ന് നടപ്പിലാക്കിയ താൽക്കാലിക ഇളവ് നീട്ടില്ലെന്ന് ട്രഷറർ ജിം ചാൽമേഴ്സ് വ്യക്തമാക്കി. ഇളവ് അവസാനിക്കുന്നതിനൊപ്പം പ്രതിവർഷം രണ്ടുതവണ നടത്തുന്ന ഇൻഫ്ലേഷൻ ഇൻഡക്സേഷനും പ്രാബല്യത്തിൽ വരുന്നതോടെ പമ്പുകളിൽ ലിറ്ററിന് 16 സെന്റിലധികം തുക വർദ്ധിക്കും.
നികുതി പുനഃസ്ഥാപിക്കുന്നതോടെ മൊത്തവ്യാപാര വിലയിൽ പെട്രോൾ ലിറ്ററിന് 2 ഡോളറിലേക്കും ഡീസൽ 2.35 മുതൽ 2.40 ഡോളറിലേക്കും ഉയർന്നേക്കാം. എന്നാൽ മൊത്തവ്യാപാര വിലയിലെ മാറ്റം റീട്ടെയിൽ പമ്പുകളിൽ പ്രതിഫലിക്കാൻ 7 മുതൽ 10 ദിവസം വരെ സമയമെടുക്കുമെന്ന് വാഹന സംഘടനയായ RACQ വ്യക്തമാക്കി. പമ്പുകളിൽ പെട്ടെന്ന് വില വർദ്ധിക്കുമെങ്കിലും അന്താരാഷ്ട്ര വിപണിയിൽ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തിയതിനാൽ രാജ്യത്തെ ഇന്ധന വിതരണത്തിൽ (Fuel supply) ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഊർജ്ജ മന്ത്രി ക്രിസ് ബോവൻ (Chris Bowen) അറിയിച്ചു. അതേസമയം, ഡീസൽ വിലയിലുണ്ടാകുന്ന വർദ്ധനവ് കാർഷിക, ചരക്കുസേവന മേഖലകളെ ബാധിക്കാനും തൽഫലമായി നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാനും സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.