ഓസ്‌ട്രേലിയൻ കുടിയേറ്റ നയം പുതുക്കി; എംപ്ലോയർ സ്പോൺസർഷിപ്പ് വിസകൾ കൂട്ടി

കമ്പനികളുടെ നേരിട്ടുള്ള സ്പോൺസർഷിപ്പ് വഴിയുള്ള 'എംപ്ലോയർ സ്പോൺസേർഡ്' (ENS - സബ്ക്ലാസ് 186) വിസകളുടെ എണ്ണം 44,000-ൽ നിന്ന് 58,040 ആയി ഉയർത്തി.
ഓസ്‌ട്രേലിയ കുടിയേറ്റ നയം പുതുക്കി
ഓസ്‌ട്രേലിയ കുടിയേറ്റ നയം പുതുക്കിഓസ്‌ട്രേലിയ കുടിയേറ്റ നയം പുതുക്കി;
Published on

കാൻബറ: ഓസ്‌ട്രേലിയയിൽ നിലവിൽ ജോലി ചെയ്യുന്ന വിദേശ പ്രൊഫഷണലുകളെയും വിദഗ്ധ തൊഴിലാളികളെയും രാജ്യത്ത് തന്നെ നിലനിർത്താൻ ലക്ഷ്യമിട്ട് കുടിയേറ്റ നയത്തിൽ നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. പുതിയ പരിഷ്‌കാരപ്രകാരം കമ്പനികളുടെ നേരിട്ടുള്ള സ്പോൺസർഷിപ്പ് വഴിയുള്ള 'എംപ്ലോയർ സ്പോൺസേർഡ്' (ENS - സബ്ക്ലാസ് 186) വിസകളുടെ എണ്ണം 44,000-ൽ നിന്ന് 58,040 ആയി ഉയർത്തി. കരിയറിന്റെ തുടക്കത്തിലുള്ള പ്രൊഫഷണലുകൾ ആശ്രയിക്കുന്ന സ്കിൽഡ് ഇൻഡിപെൻഡന്റ് (സബ്ക്ലാസ് 189) വിസകൾ 21,090 ആയും സ്റ്റേറ്റ് നോമിനേഷൻ (സബ്ക്ലാസ് 190) വിസകൾ 35,500 ആയും വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ ഓസ്‌ട്രേലിയയിൽ താമസിക്കുന്ന അപേക്ഷകർക്ക് (On-shore applicants) മൊത്തം വിസകളുടെ 70 ശതമാനവും നൽകാനാണ് പുതിയ തീരുമാനം.

കമ്പനികളുടെ നേരിട്ടുള്ള സ്പോൺസർഷിപ്പിന് പ്രാധാന്യം നൽകിയപ്പോൾ ഓസ്‌ട്രേലിയയിലെ ഗ്രാമീണ മേഖലകളിലേക്കുള്ള (Regional Skilled) വിസകളിൽ വൻ വെട്ടിക്കുറയ്ക്കലാണ് വരുത്തിയിട്ടുള്ളത്. മുൻവർഷത്തെ 33,000-ൽ നിന്ന് വെറും 14,110 പ്ലേസുകളായാണ് റീജിയണൽ ക്വോട്ട ചുരുക്കിയത്. ഗ്രാമീണ മേഖലകളിലെ തൊഴിൽക്ഷാമം പരിഹരിക്കാൻ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സിസ്റ്റത്തേക്കാൾ എംപ്ലോയർ സ്പോൺസർഷിപ്പാണ് നല്ലതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. എന്നാൽ സർക്കാരിന്റെ ഈ നീക്കം കൃഷി, മൈനിങ്, ടൂറിസം മേഖലകളിൽ വീണ്ടും കടുത്ത തൊഴിലാളി ക്ഷാമത്തിന് കാരണമാകുമെന്ന് പ്രാദേശിക ബിസിനസ് ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഫാമിലി വിസകൾ 52,460 ആയി തുടരുമെങ്കിലും പങ്കാളികൾക്കുള്ള (Partner) വിസകൾ 1,000 എണ്ണം കൂട്ടുകയും മാതാപിതാക്കൾക്കുള്ള (Parent) വിസകൾ 1,440 എണ്ണം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, താല്കാലിക വിസകളിൽ (TSS 482) ജീവനക്കാരെ നിലനിർത്തിയിട്ടുള്ള കമ്പനികൾക്ക് അവരെ രണ്ട് വർഷത്തിനുള്ളിൽ സ്ഥിരതാമസ വിസകളിലേക്ക് (ENS 186) മാറ്റുന്നതിനുള്ള കൃത്യമായ പദ്ധതികൾ തയ്യാറാക്കേണ്ടി വരും. കൂടാതെ 2026 ജൂലൈയിലെ ശമ്പള സൂചിക (TSMIT Indexation) അനുസരിച്ചുള്ള വേതന വ്യവസ്ഥകളും കമ്പനികൾ പാലിക്കേണ്ടതുണ്ട്. വിദേശത്ത് നിന്ന് (Offshore) നേരിട്ട് അപേക്ഷിക്കുന്നവർക്ക് ഹെൽത്ത് കെയർ, വിദ്യാഭ്യാസം, കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളിൽ കടുത്ത തൊഴിൽക്ഷാമമുള്ള തസ്തികകളിൽ മാത്രമേ ഇനി കൂടുതൽ അവസരം ലഭിക്കാൻ സാധ്യതയുള്ളൂ. വിദേശ ജീവനക്കാരെ നിയമിക്കുന്നതിന് മുൻപ് ഓസ്‌ട്രേലിയയിൽ തന്നെ അനുയോജ്യരായ ആളുകളെ കണ്ടെത്താൻ ശ്രമിച്ചിരുന്നു എന്നതിനുള്ള കടുത്ത തൊഴിൽ വിപണി പരിശോധനകൾക്ക് (Labour-market testing) കമ്പനികൾ വിധേയമാകേണ്ടി വരും.

Metro Australia
maustralia.com.au