
വിക്ടോറിയ: ഓസ്ട്രേലിയയിലെ ജനപ്രിയ ചെരിപ്പു വില്പനക്കാരായ ഫേമസ് ഫുട്‌വെയർ പൂട്ടുന്നു. തങ്ങളുടെ എല്ലാ സ്റ്റോറുകളും ഉടനെ തന്നെ അടച്ചു പൂട്ടുമെന്നാണ് കമ്പനി അറിയിച്ചത്. തിങ്കളാഴ്ച സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. “സ്റ്റോക്ക് വിറ്റുതീർന്നാൽ പിന്നെയുണ്ടാകില്ല” എന്നാണ് ഉപഭോക്താക്കൾക്കായി നൽകിയ സന്ദേശം.
25 വർഷമായി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന്റെ ഓൺലൈൻ സ്റ്റോർ ഡിസംബർ 31-ന് അടച്ചുപൂട്ടും. ഫിസിക്കൽ സ്റ്റോറുകൾ അടുത്ത വർഷം തുടക്കത്തിൽ അടച്ചുപൂട്ടും. “ഞങ്ങളുടെ യാത്ര അവസാനിക്കുന്നുവെന്ന് ദുഃഖത്തോടെ അറിയിക്കുന്നു. ഓൺലൈൻ സ്റ്റോർ ഡിസംബർ 31 വരെ മാത്രമേ തുറന്നിരിക്കുകയുള്ളൂ,” എന്നാണ് ബ്രാൻഡിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റുചെയ്ത പ്രസ്താവന.
ക്വീൻസ്‌ലാൻഡ്, ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ എന്നാ സംസ്ഥാനങ്ങളിലായി 17 റീട്ടെയിൽ സ്റ്റോറുകളും ഓൺലൈൻ പ്ലാറ്റ്ഫോമും സ്ത്രീകളുടെ ഷൂകൾ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കുന്ന സ്ഥാപനമാണ് ഫെയ്മസ് ഫുട്‌വെയർ. കമ്പനിയുടെ ലിങ്ക്ഡ്ഇൻ പേജിന്റെ വിവരങ്ങൾ പ്രകാരം, 200-ൽ അധികം ജീവനക്കാരാണ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്.