ഗഗൻയാൻ ദൗത്യത്തിന് ഓസ്‌ട്രേലിയയുടെ തന്ത്രപ്രധാന പിന്തുണ

ഗഗൻയാൻ പദ്ധതിയിൽ ആസൂത്രണം ചെയ്തിരിക്കുന്ന നാല് ദൗത്യങ്ങൾക്കും, ആദ്യത്തെ മനുഷ്യരഹിത പരീക്ഷണ ദൗത്യം ഉൾപ്പെടെ, ഈ സംവിധാനം പിന്തുണ നൽകുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചു.
ഗഗൻയാൻ ദൗത്യത്തിന് ഓസ്‌ട്രേലിയയുടെ തന്ത്രപ്രധാന പിന്തുണ
ടെലിമെട്രി ട്രാക്കിങ്, തിരിച്ചുവരുന്ന പേടകങ്ങളുടെ റിക്കവറി സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലാണ് പിന്തുണ.
Published on

ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനുമായി സഹകരണം ശക്തമാക്കി ഓസ്‌ട്രേലിയ. ടെലിമെട്രി ട്രാക്കിങ്, തിരിച്ചുവരുന്ന പേടകങ്ങളുടെ റിക്കവറി സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലാണ് ഓസ്‌ട്രേലിയയുടെ പിന്തുണ. ഓസ്‌ട്രേലിയയിലെ കോക്കോസ് (കീലിങ്) ദ്വീപുകളിൽ സ്ഥാപിച്ച ട്രാക്കിങ് ടെർമിനൽ 2026 ജൂലൈ 9ന് വിജയകരമായി പ്രവർത്തനസജ്ജമാക്കി. ഗഗൻയാൻ പദ്ധതിയിൽ ആസൂത്രണം ചെയ്തിരിക്കുന്ന നാല് ദൗത്യങ്ങൾക്കും, ആദ്യത്തെ മനുഷ്യരഹിത പരീക്ഷണ ദൗത്യം ഉൾപ്പെടെ, ഈ സംവിധാനം പിന്തുണ നൽകുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചു. സർക്കാർതല ബഹിരാകാശ സഹകരണത്തിന്പുറമെ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ സഹകരണവും വളരുകയാണ്. ഉപഗ്രഹ സാങ്കേതികവിദ്യ, ഭൗമനിരീക്ഷണം, നൂതന ബഹിരാകാശ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പുതിയ കരാറുകൾക്ക് സാധ്യതയുണ്ട്.

ഇന്ത്യയിലും ഓസ്‌ട്രേലിയയിലും വാണിജ്യ സാധ്യത

Austrade പുറത്തുവിട്ട കണക്കുകൾ പ്രകാരം ഓസ്‌ട്രേലിയൻ ബഹിരാകാശ മേഖല നിലവിൽ പ്രതിവർഷം 4.6 ബില്യൺ ഓസ്‌ട്രേലിയൻ ഡോളറിന്റെ വിറ്റുവരവ് സൃഷ്ടിക്കുകയും 17,000ത്തിലധികം പേർക്ക് തൊഴിൽ നൽകുകയും ചെയ്യുന്നു. വരും വർഷങ്ങളിൽ മേഖലയുടെ വിറ്റുവരവ് ഏകദേശം 12–13 ബില്യൺ ഡോളറായി ഉയർത്തുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. ഇന്ത്യയിലെ വളരുന്ന സ്വകാര്യ ബഹിരാകാശ മേഖല ഓസ്‌ട്രേലിയൻ കമ്പനികൾക്ക് വലിയ വാണിജ്യ വിപണി തുറക്കുന്നു. അതേസമയം, ഭൗമനിരീക്ഷണം, ട്രാക്കിങ്, റീ-എൻട്രി, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ ഓസ്‌ട്രേലിയൻ വൈദഗ്ധ്യം ഇന്ത്യൻ കമ്പനികൾക്കും അന്താരാഷ്ട്ര സഹകരണത്തിന് അവസരമൊരുക്കുന്നു. Space MAITRI വിക്ഷേപണ കരാറും ഗഗൻയാൻ ട്രാക്കിങ് സംവിധാനവും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഇതിനകം തന്നെ പ്രായോഗിക തലത്തിലേക്ക് കടന്നതിന്റെ ഉദാഹരണങ്ങളാണ്.

ബെംഗളൂരു സ്പേസ് എക്സ്പോ നിർണായകം

ബെംഗളൂരു സ്പേസ് എക്സ്പോയിൽ പ്രതീക്ഷിക്കുന്ന 3 മുതൽ 5 വരെ ധാരണാപത്രങ്ങൾ (MoU) ഒപ്പുവെക്കുന്നത് ഇന്ത്യ–ഓസ്‌ട്രേലിയ ബഹിരാകാശ സഹകരണത്തിന് പുതിയ ഘട്ടത്തിന് തുടക്കമിടുമെന്നാണ് വിലയിരുത്തൽ. സർക്കാർതല സഹകരണത്തിൽ നിന്ന് നേരിട്ടുള്ള വാണിജ്യ പദ്ധതികളിലേക്കാണ് ഇരു രാജ്യങ്ങളുടെയും ബഹിരാകാശ ബന്ധം ഇപ്പോൾ നീങ്ങുന്നത്.

Metro Australia
maustralia.com.au