

കാൻബറ: തെക്കൻ സമുദ്രത്തിലെ ലോക പൈതൃക വന്യജീവി സങ്കേതമായ മാക്വാറി ദ്വീപിൽ എച്ച്5 (H5) പക്ഷിപ്പനി ബാധയുണ്ടായാൽ സംഭവിക്കാനിടയുള്ള വൻ കൂട്ടമരണങ്ങൾ ജീവനക്കാരിലുണ്ടാക്കുന്ന മാനസികാഘാതം കണക്കിലെടുത്ത് ഗവേഷകരെ അടിയന്തരമായി ഒഴിപ്പിക്കാൻ ഓസ്‌ട്രേലിയൻ അന്റാർട്ടിക് ഡിവിഷൻ. ദ്വീപിലെ ആസ്‌ട്രേലിയൻ റിസർച്ച് സ്റ്റേഷനിലുള്ള 24 ഗവേഷകരെയും ഉദ്യോഗസ്ഥരെയുമാണ് ഒക്ടോബർ ആദ്യവാരത്തോടെ ഐസ് ബ്രേക്കർ കപ്പലായ ആർ.എസ്.വി നുയിന എത്തിച്ച് ഒഴിപ്പിക്കുന്നത്.
ദ്വീപിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പ്രജനന സീസൺ ആരംഭിക്കുന്നതോടെ രോഗം പടർന്നുപിടിച്ച് ലക്ഷക്കണക്കിന് സീലുകളും പെൻഗ്വിനുകളും കൂട്ടത്തോടെ ചത്തൊടുങ്ങാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധ മുന്നറിയിപ്പ്. പതിനായിരക്കണക്കിന് ജീവികൾ കൺമുന്നിൽ പിടഞ്ഞു വീഴുന്ന ഭയാനകമായ കാഴ്ചകൾ ഗവേഷകരുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നതിനാലാണ് കേന്ദ്ര പരിസ്ഥിതി വകുപ്പ് പിന്മാറ്റത്തിന് ഉത്തരവിട്ടത്. സ്റ്റേഷൻ താൽക്കാലികമായി അടച്ചുപൂട്ടുന്നതോടെ 370 ദശലക്ഷം ഡോളറിന്റെ നവീകരണ പ്രവർത്തനങ്ങൾ വൈകുമെങ്കിലും, ആളുകൾ മടങ്ങിയ ശേഷം ഡ്രോണുകളും ലൈവ് ക്യാമറകളും ഉപയോഗിച്ച് നിരീക്ഷണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.