കുട്ടികൾക്ക് ഭീഷണിയായി AI ഡീപ്‌ഫേക്കുകൾ; കർശന നിയന്ത്രണം വേണമെന്ന് ഓൺലൈൻ സുരക്ഷാ വാച്ച്‌ഡോഗ്

AI
കുട്ടികൾക്ക് ഭീഷണിയായി എഐ ഡീപ്‌ഫേക്കുകൾIgor Omilaev/ Unsplash
Published on: 

സിഡ്നി: നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുന്ന സാഹചര്യത്തിൽ, എഐ സൃഷ്ടിക്കുന്ന ഡീപ്‌ഫേക്ക് (Deepfake) ഉള്ളടക്കങ്ങൾ കുട്ടികൾക്ക് കടുത്ത സുരക്ഷാ ഭീഷണിയാകുന്നതായി ഓസ്‌ട്രേലിയൻ ഓൺലൈൻ സുരക്ഷാ റെഗുലേറ്ററുടെ മുന്നറിയിപ്പ്. റെഗുലേറ്റർമാർക്ക് നിയന്ത്രിക്കാൻ കഴിയുന്നതിലും വേഗത്തിലാണ് എഐ ടൂളുകൾ വികസിച്ചുകൊണ്ടിരിക്കുന്നതെന്നും, ഉപയോക്താക്കളുടെയും കുട്ടികളുടെയും സംരക്ഷണം മുൻനിർത്തി ശക്തമായ സുരക്ഷാ കവചങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്നും ഓസ്‌ട്രേലിയൻ ഇ-സേഫ്റ്റി കമ്മീഷണർ ജൂലി ഇൻമാൻ-ഗ്രാന്റ് ആവശ്യപ്പെട്ടു. സിഡ്നിയിൽ ആരംഭിക്കുന്ന ഫെഡറൽ പാർലമെന്റിന്റെ എഐ അന്വേഷണ സമിതിക്ക് മുന്നിൽ അവർ തെളിവുകൾ ഹാജരാക്കും.

പെൺകുട്ടികളുടെ ചിത്രങ്ങൾ എഐ ടൂളുകൾ വഴി അശ്ലീല ഡീപ്‌ഫേക്കുകളാക്കി മാറ്റി സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കുന്ന പ്രവണത വർധിച്ചുവരുന്നതായി കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക റിപ്പോർട്ടിംഗ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. കമ്മീഷന്റെ കർശന നടപടിയെത്തുടർന്ന് എഐ ന്യൂഡിഫൈ സൗകര്യം നൽകിയിരുന്ന എട്ടോളം പ്രധാന പ്ലാറ്റ്‌ഫോമുകൾ ഓസ്‌ട്രേലിയയിൽ നിന്നുള്ള പ്രവർത്തനം പിൻവലിക്കുകയോ പ്രായപരിധി മാനദണ്ഡങ്ങൾ കർശനമാക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ലൈംഗിക സ്വഭാവമില്ലാത്ത, ഫെയ്സ്-സ്വാപ്പ് (Face-swap), വികലമായ മീമുകൾ എന്നിവ അപകീർത്തികരമാണെങ്കിൽപ്പോലും നിലവിലെ നിയമപ്രകാരം നീക്കം ചെയ്യാൻ പരിമിതികളുണ്ടെന്ന് കമ്മീഷൻ സമ്മതിച്ചു.

തീവ്രവാദ സംഘടനകൾ ആളെ ചേർക്കാനും വിദ്വേഷ പ്രചാരണങ്ങൾ വിതറാനും എഐ സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സൈബർ തട്ടിപ്പുകൾ, ആൾമാറാട്ടം, ഗാർഹിക പീഡനങ്ങളിൽ പങ്കാളികളെ നിയന്ത്രിക്കൽ തുടങ്ങിയവയ്ക്കും എഐ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. അതേസമയം, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് ഉപയോക്താക്കളുടെ സുരക്ഷയിൽ നേരിട്ട് ഉത്തരവാദിത്തം നിശ്ചയിക്കുന്ന 'ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ' (Digital Duty of Care) ബിൽ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചിട്ടുണ്ട്. എഎസ്ഐസി (ASIC), സയൻസ്-സാങ്കേതിക വിദഗ്ദ്ധർ എന്നിവരുടെ വാദങ്ങൾ കൂടി കേട്ട ശേഷം നവംബർ അവസാനത്തോടെ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിക്കും.ബ്രിസ്ബേൻ: ഓസ്‌ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്‌ലൻഡിൽ ദശാബ്ദങ്ങളുടെ മഴ റെക്കോർഡുകൾ തകർത്ത് അസാധാരണ കാലാവസ്ഥ. കഴിഞ്ഞ വാരാന്ത്യത്തിൽ റെക്കോർഡ് മഴ പെയ്ത സെൻട്രൽ, വെസ്റ്റേൺ മേഖലകളിൽ ഈ ആഴ്ചയും ശക്തമായ മഴയും ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റും തുടരുമെന്ന് ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് മെറ്റീരിയോളജി (BOM) മുന്നറിയിപ്പ് നൽകി. ടാസ്മാൻ കടലിൽ നിലയുറപ്പിച്ചിരിക്കുന്ന ഉയർന്ന മർദ്ദമേഖലയിൽ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്ന ഈർപ്പമുള്ള കാറ്റാണ് തുടർച്ചയായ മഴയ്ക്ക് കാരണം.

ശനിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളിൽ സെൻട്രൽ-വെസ്റ്റ് ക്വീൻസ്‌ലൻഡിലെ മൂന്ന് പ്രധാന റെക്കോർഡുകളാണ് തകർന്നത്. ബ്ലാക്കല്ലിന് സമീപമുള്ള തുല്ലിനാർ സ്റ്റേഷനിൽ 102 മില്ലിമീറ്റർ മഴ ലഭിച്ചതോടെ 87 വർഷത്തെ റെക്കോർഡാണ് പഴങ്കഥയായത്. മുത്താബുറയിൽ 101 മില്ലിമീറ്ററും (72 വർഷത്തെ റെക്കോർഡ്), ചാർലിവില്ലിന് സമീപമുള്ള നിവേ ഡൗൺസിൽ 93 മില്ലിമീറ്ററും (46 വർഷത്തെ റെക്കോർഡ്) ഒക്ടോബർ മാസത്തിലെ മഴ ലഭിച്ചു. വിന്റൺ, ലോംഗ്രീച്ച്, വിൻഡോറ തുടങ്ങിയ പ്രദേശങ്ങളിൽ തിങ്കളാഴ്ചയും ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ കൊടുങ്കാറ്റിന് സാധ്യതയുണ്ട്.

കുക്ക്‌ടൗൺ മുതൽ മക്കായ് വരെയുള്ള തീരപ്രദേശങ്ങളിലും കെയൺസ്, ടൗൺസ്‌വിൽ മേഖലകളിലും മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മുന്നറിയിപ്പ് നൽകേണ്ട അളവിൽ എത്തില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകൻ സ്റ്റീവ് ഹാഡ്‌ലി വ്യക്തമാക്കിയത്. തെക്കുകിഴക്കൻ മേഖലയിൽ 10 മുതൽ 30 മില്ലിമീറ്റർ വരെയും ചിലയിടങ്ങളിൽ 50 മില്ലിമീറ്റർ വരെയും മഴ പെയ്തേക്കാം. അതേസമയം മേഘാവൃതമായ അന്തരീക്ഷവും ശക്തമായ മഴയും കാരണം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പകൽ താപനില ശരാശരിയേക്കാൾ 10 ഡിഗ്രി വരെ താഴ്ന്നു. സെൻട്രൽ ഹൈലാൻഡ്സിലെ ലോക്കിംഗ്ടണിൽ പരമാവധി താപനില 18 ഡിഗ്രി സെൽഷ്യസ് മാത്രമാണ് രേഖപ്പെടുത്തിയത്; 2010-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഒക്ടോബർ താപനിലയാണിത്.

Metro Australia
maustralia.com.au