ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ കുതിച്ചുയരുന്നു; പലിശനിരക്ക് വർദ്ധനയ്ക്കുള്ള സാധ്യത മങ്ങുന്നു

വനിതാ തൊഴിൽ പങ്കാളിത്തത്തിൽ ഉണ്ടായ വൻ ഇടിവാണ് ആകെ തൊഴിലവസരങ്ങൾ കുറയാൻ പ്രധാന കാരണമെന്ന് എ.ബി.എസ് ലേബർ സ്റ്റാറ്റിസ്റ്റിക്‌സ് മേധാവി സീൻ ക്രിക്ക് വ്യക്തമാക്കി
unemploment australia
ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ കുതിച്ചുയരുന്നുJoao Viegas/ Unsplash
Published on

സിഡ്‌നി: ഓസ്‌ട്രേലിയൻ തൊഴിൽ വിപണിയിൽ കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഏപ്രിൽ മാസത്തിൽ തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനമായി ഉയർന്നു. 2021-ന്റെ അവസാനത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. വിപണി വിദഗ്ധർ തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനത്തിൽ തന്നെ സ്ഥിരമായി നിൽക്കുമെന്ന് പ്രവചിച്ചിരുന്ന സ്ഥാനത്താണ് ഈ അപ്രതീക്ഷിത വർദ്ധനവ്. തൊഴിൽ വിപണിയിലുണ്ടായ ഈ അയവ്, നാണയപ്പെരുപ്പം (Inflation) തടയുന്നതിനായി സെൻട്രൽ ബാങ്ക് (RBA) അടുത്ത മാസം പ്രഖ്യാപിക്കാനിരുന്ന പലിശനിരക്ക് വർദ്ധനവിൽ നിന്ന് തൽക്കാലം പിന്മാറാൻ കാരണമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. മോശം സാമ്പത്തിക വാർത്ത പുറത്തുവന്നതോടെ ഓസ്‌ട്രേലിയൻ ഡോളറിന്റെ മൂല്യം 0.2 ശതമാനം ഇടിഞ്ഞ് 0.7136 യു.എസ് ഡോളറിലെത്തി.

ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (ABS) പുറത്തുവിട്ട കണക്കുകൾ പ്രകാരം മാർച്ചിലെക്കാൾ 18,600 തൊഴിലവസരങ്ങളുടെ കുറവാണ് ഏപ്രിലിൽ രേഖപ്പെടുത്തിയത്. മാർച്ചിൽ 23,300 തൊഴിലവസരങ്ങൾ വർദ്ധിച്ച സ്ഥാനത്താണിത്. വിപണിയിൽ 15,000 പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നായിരുന്നു പ്രവചനം. ഇതിൽ ഫുൾടൈം ജോലികളിൽ മാത്രം 10,700 എണ്ണത്തിന്റെ കുറവുണ്ടായി. വനിതാ തൊഴിൽ പങ്കാളിത്തത്തിൽ ഉണ്ടായ വൻ ഇടിവാണ് ആകെ തൊഴിലവസരങ്ങൾ കുറയാൻ പ്രധാന കാരണമെന്ന് എ.ബി.എസ് ലേബർ സ്റ്റാറ്റിസ്റ്റിക്‌സ് മേധാവി സീൻ ക്രിക്ക് വ്യക്തമാക്കി. 2025 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് വനിതാ തൊഴിൽ നിരക്കിൽ ഇത്രയും വലിയ കുറവുണ്ടാകുന്നത്.

ആഗോള ഊർജ്ജ പ്രതിസന്ധിയെത്തുടർന്ന് മാർച്ചിൽ ഓസ്‌ട്രേലിയയിലെ വാർഷിക നാണയപ്പെരുപ്പം 4.6 ശതമാനമായി ഉയർന്ന സാഹചര്യത്തിൽ, റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ (RBA) ഈ വർഷം മൂന്ന് തവണ പലിശനിരക്ക് 4.35 ശതമാനമായി ഉയർത്തിയിരുന്നു. നാണയപ്പെരുപ്പം നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനിരുന്ന ആർ.ബി.എയ്ക്ക് പുതിയ തൊഴിൽ കണക്കുകൾ പുനർവിചിന്തനത്തിന് വഴിമാറ്റും. ഇതിനോടകം തന്നെ രാജ്യത്തെ പ്രമുഖ തൊഴിൽ പരസ്യങ്ങളിൽ (Job Ads) തുടർച്ചയായ രണ്ടാം മാസവും കുറവ് രേഖപ്പെടുത്തിയതായി പ്രമുഖ ബാങ്കിങ് ഗ്രൂപ്പായ എ.എൻ.സെഡ് (ANZ) വ്യക്തമാക്കുന്നുണ്ട്. വരും മാസങ്ങളിൽ പലിശനിരക്കുകൾ ഉയർത്താനുള്ള സാധ്യത വിപണി 20 ശതമാനത്തിൽ നിന്നും 10 ശതമാനമായി കുറച്ചിട്ടുണ്ട്.

Metro Australia
maustralia.com.au