

ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരപ്രദേശങ്ങളിലെ ഗ്യാസ് ഉത്പാദകർ, ആഭ്യന്തര വിതരണ ഉറപ്പ് വരുത്തുന്നതിനും വിലക്കുറവ് സൃഷ്ടിക്കുന്നതിനുമായി, ഉത്പാദിപ്പിക്കുന്ന ഗ്യാസിന്റെ ഒരു ഭാഗം രാജ്യത്തിനകത്ത് തന്നെ സംവരിക്കേണ്ടതായി വരുമെന്ന് ഫെഡറൽ സർക്കാർ സ്ഥിരീകരിച്ചു.
ദീർഘകാലമായി കാത്തിരുന്ന ഈ തീരുമാനത്തിന് തിങ്കളാഴ്ച കാൻബറയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇതോടെ പദ്ധതി പൊതുചർച്ചയ്ക്കും അഭിപ്രായ ശേഖരണത്തിനുമായി അവതരിപ്പിക്കും.
ഗ്യാസ് സംവരണ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ മാതൃക എന്തെന്ന കാര്യത്തിൽ നീണ്ട ചർച്ചകൾക്ക് ശേഷം, ഊർജ മന്ത്രി ക്രിസ് ബൗവനും വ്യവസായ മന്ത്രി ടിം ഏയേഴ്‌സും മന്ത്രിസഭ പെർമിറ്റ് അധിഷ്ഠിത സംവിധാനത്തിലാണ് ഏകോപിച്ചതെന്ന് അറിയിച്ചു.
ഈ പദ്ധതിയുടെ ഭാഗമായി, ഉത്പാദകർ പുറത്തേക്ക് കയറ്റുമതി നടത്തുന്നതിന് മുൻപ്, ഉത്പാദിപ്പിക്കുന്ന ഗ്യാസിന്റെ 15 മുതൽ 25 ശതമാനം വരെ ആഭ്യന്തര ഉപയോഗത്തിനായി സംവരിച്ചെന്ന് ഉറപ്പാക്കണം.
2027 മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെങ്കിലും, ഇന്നുമുതൽ ഒപ്പിടുന്ന പുതിയ ഗ്യാസ് കരാറുകൾക്ക് ഇത് ബാധകമായിരിക്കും എന്ന് മന്ത്രി ക്രിസ് ബൗവൻ വ്യക്തമാക്കി.