ആനക്കൊമ്പ് വിൽപ്പനയ്ക്ക് ആഭ്യന്തര നിരോധനം ഏർപ്പെടുത്തില്ല; വാഗ്ദാനത്തിൽ പിന്നാക്കം പോയി ഓസ്‌ട്രേലിയ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ലേല സൈറ്റുകളിലും സുതാര്യമായ രേഖകളില്ലാതെ ആനക്കൊമ്പ് വിൽക്കപ്പെടുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഓസ്‌ട്രേലിയ തുടരുകയാണ്.
Elephant ivory
Elephant ivory ABC News: Alexandria Utting
Published on: 

കാൻബറ: തദ്ദേശീയ പക്ഷികളുടെ തൂവലുകൾ വിൽക്കാൻ പോലും കർശന അനുമതി ആവശ്യമുള്ള ഓസ്‌ട്രേലിയയിൽ, ആനക്കൊമ്പ് വസ്തുക്കളുടെ ആഭ്യന്തര വിൽപ്പന നിയന്ത്രിക്കാൻ കഴിയില്ലെന്ന നിലപാടിലേക്ക് ഫെഡറൽ സർക്കാർ. ആനക്കൊമ്പിന്റെയും കാണ്ടാമൃഗക്കൊമ്പിന്റെയും (Rhinoceros horn) ആഭ്യന്തര വിപണി പൂർണ്ണമായി നിരോധിക്കുമെന്ന് 2019-ൽ നൽകിയ വാഗ്ദാനം സർക്കാർ നടപ്പാക്കില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെ, യുഎസ്, ചൈന തുടങ്ങിയ പ്രമുഖ രാജ്യങ്ങൾ ആഭ്യന്തര വിപണികൾ നിരോധിച്ചപ്പോൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ലേല സൈറ്റുകളിലും സുതാര്യമായ രേഖകളില്ലാതെ ആനക്കൊമ്പ് വിൽക്കപ്പെടുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഓസ്‌ട്രേലിയ തുടരുകയാണ്.

കഴിഞ്ഞ വർഷം ആറുമാസത്തിനിടെ ഓൺലൈൻ വഴിയും ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസ് വഴിയും 12 ലക്ഷം ഡോളറിന്റെ (ഏകദേശം 6.5 കോടി രൂപ) ആനക്കൊമ്പ് ഉൽപ്പന്നങ്ങളാണ് ഓസ്‌ട്രേലിയയിൽ വിറ്റഴിക്കാൻ പരസ്യം ചെയ്തത്. അഡ്‌ലെയ്ഡ് സർവകലാശാല നടത്തിയ പഠനത്തിൽ, വിൽപ്പനയ്ക്ക് വെച്ച 1,698 ആനക്കൊമ്പ് ഉൽപ്പന്നങ്ങളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് നിയമാനുസൃതമായ ഇറക്കുമതി രേഖകൾ പ്രദർശിപ്പിച്ചത്. ആനക്കൊമ്പ് ഇറക്കുമതി ചെയ്യാൻ കൃത്യമായ സർട്ടിഫിക്കറ്റ് വേണമെന്നിരിക്കെ, രാജ്യത്തിനകത്ത് വിൽക്കാൻ യാതൊരു രേഖകളും ആവശ്യമില്ലെന്ന നിയമപരമായ പഴുതാണ് കള്ളക്കടത്തിന് കളമൊരുക്കുന്നത്. ഓസ്‌ട്രേലിയയിലെ ആഭ്യന്തര വിപണി ആനകളുടെ നിലനിൽപ്പിന് വലിയ ഭീഷണിയാകുന്നില്ലെന്നാണ് പരിസ്ഥിതി വകുപ്പിന്റെ വിചിത്രമായ ന്യായീകരണം. എന്നാൽ, അനധികൃതമായി ആനകളെ വേട്ടയാടി കടത്തുന്ന കൊമ്പുകൾ ഇവിടെ എളുപ്പത്തിൽ വെളുപ്പിച്ചെടുക്കാൻ (Launder) സാധിക്കുമെന്നും, ആഭ്യന്തര വിപണി പൂർണ്ണമായി നിരോധിക്കണമെന്നും പരിസ്ഥിതി ഗവേഷകരും ഓസ്‌ട്രേലിയൻ ലേല അസോസിയേഷനും ആവശ്യപ്പെടുന്നു.

Metro Australia
maustralia.com.au