പേപ്പർ കാർഡുകൾക്ക് വിട; ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങളിൽ ഡിജിറ്റൽ പാസഞ്ചർ കാർഡുകൾ വരുന്നു

ദീർഘദൂര യാത്രയ്ക്ക് ശേഷം പേനയും ഹോട്ടൽ വിലാസവും ഫ്ലൈറ്റ് നമ്പറും തിരഞ്ഞ് യാത്രക്കാർ ബുദ്ധിമുട്ടുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകുമെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് വ്യക്തമാക്കി.
Perth Airport
വിമാനത്താവളം Phil Mosley/ Unsplash
Published on

കാൻബെറ: ഓസ്‌ട്രേലിയയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ വിമാനത്തിനുള്ളിൽ വെച്ച് പൂരിപ്പിച്ചു നൽകേണ്ട കൈയെഴുത്ത് പാസഞ്ചർ അറൈവൽ കാർഡുകൾ (Incoming Passenger Cards) നിർത്തലാക്കുന്നു. പകരം അത്യാധുനിക രീതിയിലുള്ള ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്താൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി 56.1 മില്യൺ ഡോളറാണ് അടുത്ത നാല് വർഷത്തേക്ക് സർക്കാർ ഇതിനായി വകയിരുത്തിയിരിക്കുന്നത്. ദീർഘദൂര യാത്രയ്ക്ക് ശേഷം പേനയും ഹോട്ടൽ വിലാസവും ഫ്ലൈറ്റ് നമ്പറും തിരഞ്ഞ് യാത്രക്കാർ ബുദ്ധിമുട്ടുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകുമെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് വ്യക്തമാക്കി. നിലവിലുള്ള കാർഡ്ബോർഡ് പേപ്പർ സംവിധാനം യാത്രാ നടപടികൾ വൈകിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

2024 ഒക്ടോബർ മുതൽ ക്വാന്റാസ് (Qantas) എയർലൈൻസുമായി സഹകരിച്ച് സിഡ്‌നി, മെൽബൺ, ബ്രിസ്ബേൻ വിമാനത്താവളങ്ങളിൽ 4.5 ലക്ഷത്തിലധികം യാത്രക്കാരിൽ നടത്തിയ പരീക്ഷണ വിജയത്തെ തുടർന്നാണ് ഈ മാറ്റം. ഈ വർഷം അവസാനത്തോടെ മറ്റ് പ്രധാന നഗരങ്ങളിലേക്കും, അടുത്ത 12 മുതൽ 18 മാസങ്ങൾക്കുള്ളിൽ രാജ്യത്തെ മുഴുവൻ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും തുറമുഖങ്ങളിലേക്കും ഈ ഡിജിറ്റൽ ട്രാവൽ ഡിക്ലറേഷൻ വ്യാപിപ്പിക്കും. ആദ്യ ഘട്ടത്തിൽ വെബ് ഫോം വഴിയായിരിക്കും വിവരങ്ങൾ ശേഖരിക്കുക. വരാനിരിക്കുന്ന 2032-ലെ ബ്രിസ്ബേൻ ഒളിംപിക്‌സിന് മുന്നോടിയായി വിനോദസഞ്ചാരികളുടെ ഒഴുക്ക് നിയന്ത്രിക്കാനും, ആഗോള രോഗവ്യാപനമോ ബയോസെക്യൂരിറ്റി ഭീഷണികളോ ഉണ്ടായാൽ യാത്രക്കാരുടെ വിവരങ്ങൾ വേഗത്തിൽ കണ്ടെത്താനും ഈ ഡിജിറ്റൽ മാറ്റം സഹായിക്കുമെന്ന് കാർഷിക മന്ത്രി ജൂലി കോളിൻസും ടൂറിസം മന്ത്രി ഡോൺ ഫാരെലും വ്യക്തമാക്കി. ദശാബ്ദങ്ങളായി മാറ്റമില്ലാതെ തുടരുന്ന പേപ്പർ സംവിധാനം മാറുന്നതിനെ ഓസ്‌ട്രേലിയൻ എയർപോർട്ട് അസോസിയേഷൻ പൂർണ്ണമായി സ്വാഗതം ചെയ്തു.

Metro Australia
maustralia.com.au