

ഇറാൻ ഭരണകൂടത്തെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും നടത്തിയ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിൽ ഓസ്‌ട്രേലിയക്ക് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രി പെന്നി വോംഗ് വ്യക്തമാക്കി. ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചിരുന്നില്ലെന്നും അവർ അറിയിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ ആരും ദുഃഖിക്കില്ലെന്നും എന്നാൽ മേഖലയിൽ യുദ്ധം പടരാതിരിക്കാൻ നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രായേൽ, ലബനൻ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഓസ്‌ട്രേലിയൻ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകി. ഈ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇറാന്റെ ഭാവി അവിടുത്തെ ജനങ്ങൾ തന്നെ തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസി പറഞ്ഞു. അതേസമയം, ഖമേനിയുടെ മരണം ലോകത്തെ സുരക്ഷിതമാക്കുമെന്ന് പ്രതിപക്ഷം പ്രതികരിച്ചു.