

സിഡ്‌നി: ഓസ്‌ട്രേലിയയിൽ വന്യജീവികൾക്കിടയിൽ പടരുന്ന അതീവ മാരകമായ എച്ച്5എൻ1 (H5N1) ഏവിയൻ ഇൻഫ്ലുവൻസ ആദ്യമായി ഒരു സസ്തനിയിൽ (Mammal) സ്ഥിരീകരിച്ചു. സൗത്ത് ഓസ്‌ട്രേലിയയിലെ ബീച്ച്പോർട്ട് (Beachport) തീരത്ത് ചത്ത നിലയിൽ കണ്ടെത്തിയ ലോങ്-നോസ്ഡ് ഫർ സീലിലാണ് (Long-nosed fur seal) വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ജൂണിൽ ദേശാടനപ്പക്ഷികൾ വഴി രാജ്യത്തെത്തിയ വൈറസ് പ്രാദേശിക പക്ഷിസമൂഹങ്ങളിൽ വ്യാപിച്ചതിന് പിന്നാലെയാണ് സമുദ്ര സസ്തനികളിലേക്കും പടർന്നുപിടിക്കുന്നത്. ചത്ത നിലയിൽ കണ്ടെത്തിയ സീലിന്റെ ശരീരത്തിൽ മറ്റ് മുറിവുകളോ പരിക്കുകളോ ഉണ്ടായിരുന്നില്ല. സ്വാഭാവിക പരിസ്ഥിതിയിൽ എച്ച്5 പക്ഷിപ്പനി പടർന്നുപിടിച്ചാൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കാനാവില്ലെന്ന് ഫെഡറൽ കൃഷി മന്ത്രി ജൂലി കോളിൻസ് വ്യക്തമാക്കി. രാജ്യത്ത് കടൽ പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സാഹചര്യത്തിൽ, സസ്തനികളിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതോടെ ജൈവസുരക്ഷാ വിഭാഗം നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.