ഓസ്‌ട്രേലിയയിൽ വാടകക്കയറ്റം റെക്കോർഡ് ഉയരത്തിൽ; സിഡ്‌നിയിൽ ആഴ്ച വാടക 850 ഡോളർ

വരും വർഷങ്ങളിലും സർക്കാരുകൾ കർശനമായ ഭവനനിർമ്മാണ പദ്ധതികൾ ആവിഷ്കരിച്ചില്ലെങ്കിൽ വാടക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
Home
ഓസ്‌ട്രേലിയയിൽ വാടകക്കയറ്റം റെക്കോർഡ് ഉയരത്തിൽPaddy Pohlod/ Unsplash
Published on

സിഡ്‌നി: ഓസ്‌ട്രേലിയയിലെ എല്ലാ പ്രവിശ്യാ തലസ്ഥാന നഗരങ്ങളിലും വീട്ടുവാടക ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി പ്രോപ്പർട്ടി വെബ്‌സൈറ്റായ 'ഡൊമെയ്‌ന്റെ' ജൂൺ പാദത്തിലെ (June Quarter 2026) റിപ്പോർട്ട്. ലഭ്യമായ വീടുകളുടെ എണ്ണത്തിൽ ഉണ്ടായ വൻ കുറവും ജനസംഖ്യാ വർദ്ധനവുമാണ് വാടക വിപണിയെ പൂർണ്ണമായും ഭൂവുടമകളുടെ നിയന്ത്രണത്തിലാക്കിയത് . ഇതോടെ സാധാരണക്കാരായ പ്രവാസികളും വിദ്യാർത്ഥികളും വീട് കിട്ടാതെയും ഉയർന്ന വാടക നൽകിയും വലയുകയാണ്. റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ ഓൺലൈനിൽ വന്ന് നിമിഷങ്ങൾക്കകം തന്നെ നൂറുകണക്കിന് അപേക്ഷകളാണ് ഏജൻസികൾക്ക് ലഭിക്കുന്നത്.

റിപ്പോർട്ട് പ്രകാരം സിഡ്‌നിയിലാണ് വാടകക്കയറ്റം ഏറ്റവും രൂക്ഷം. ഇവിടെ വീടുകളുടെ ശരാശരി വാടക ആഴ്ചയിൽ 50 ഡോളർ വർദ്ധിച്ച് റെക്കോർഡ് നിരക്കായ 850 ഡോളറിൽ എത്തി. ബ്രിസ്ബേനിൽ ഇത് ആഴ്ചയിൽ 700 ഡോളറായി ഉയർന്നു. പെർത്തിനെ മറികടന്ന് ഡാർവിൻ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ചെലവേറിയ വാടക വിപണിയായി മാറി. ഡാർവിനിലെ ഫ്ലാറ്റ് വാടകയിൽ മാത്രം ഒരു വർഷത്തിനിടെ 18.2 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. realestate.com.au ന്റെ മറ്റൊരു റിപ്പോർട്ട് പ്രകാരം ഓസ്‌ട്രേലിയയിലെ ദേശീയ ശരാശരി വാടക ആഴ്ചയിൽ 670 ഡോളറാണ്. അഞ്ച് വർഷം മുൻപത്തെ അപേക്ഷിച്ച് ഒരു ഓസ്‌ട്രേലിയക്കാരൻ ഇപ്പോൾ പ്രതിവർഷം ശരാശരി 12,480 ഡോളർ അധികമായി വാടകയിനത്തിൽ മാത്രം നൽകേണ്ടി വരുന്നുണ്ട്.

വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് മറികടക്കാൻ സുഹൃത്തുക്കളും ബന്ധുക്കളും ഒന്നിച്ച് ചേർന്ന് വലിയ വീടുകൾ വാടകയ്ക്കെടുക്കുന്ന പ്രവണത രാജ്യത്ത് വർദ്ധിച്ചുവരുന്നതായി റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ചൂണ്ടിക്കാണിക്കുന്നു. തുടർച്ചയായ പലിശനിരക്ക് വർദ്ധനവ് മൂലം പുതിയ നിക്ഷേപകർ വീടുകൾ വാങ്ങാൻ മടിക്കുന്നത് വിപണിയിലെ വീടുകളുടെ ലഭ്യത വീണ്ടും കുറച്ചു. നിലവിൽ രാജ്യത്തെ 'വേക്കൻസി റേറ്റ്' 1 ശതമാനത്തിലും താഴെയാണ്. അതായത് വിപണിയിലുള്ള 100 വീടുകളിൽ ഒരെണ്ണം പോലും വാടകയ്ക്ക് എടുക്കാൻ ഒഴിവില്ലാത്ത അവസ്ഥ. വരും വർഷങ്ങളിലും സർക്കാരുകൾ കർശനമായ ഭവനനിർമ്മാണ പദ്ധതികൾ ആവിഷ്കരിച്ചില്ലെങ്കിൽ വാടക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

Metro Australia
maustralia.com.au