

കാൻബറ: ഓസ്‌ട്രേലിയയിലെത്തുന്ന ബ്രിട്ടീഷ് യുവ സഞ്ചാരികൾ ഗ്രാമീണ മേഖലകളിലെ കാർഷിക ജോലികൾ ഉപേക്ഷിച്ച് വൻ നഗരങ്ങളിൽ തമ്പടിക്കുന്നതായി റിപ്പോർട്ട്. നേരത്തെ വർക്കിംഗ് ഹോളിഡേ വിസ നീട്ടി ലഭിക്കുന്നതിനായി പ്രാദേശിക ഫാമുകളിൽ 88 ദിവസത്തെ നിർബന്ധിത ജോലി ചെയ്യണമായിരുന്നു. എന്നാൽ ഓസ്‌ട്രേലിയ-യുകെ സ്വതന്ത്ര വ്യാപാര കരാറിലൂടെ ഈ നിബന്ധന ഒഴിവാക്കിയതും പ്രായപരിധി 35 ആക്കി ഉയർത്തിയതുമാണ് ഈ മാറ്റത്തിന് വഴിയൊരുക്കിയത്.
നിബന്ധന ഒഴിവാക്കിയതോടെ കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 79,000-ലധികം ബ്രിട്ടീഷ് പൗരന്മാർക്കാണ് വർക്കിംഗ് ഹോളിഡേ വിസ അനുവദിച്ചത്. എന്നാൽ കെയിൻസ് (Cairns) ഉൾപ്പെടെയുള്ള വടക്കൻ ക്വീൻസ്‌ലൻഡിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഫാമുകളിലും ബ്രിട്ടീഷ് യുവാക്കളുടെ സാന്നിധ്യം കുത്തനെ ഇടിഞ്ഞു. ഗ്രാമീണ തോട്ടങ്ങളിലെ വിളവെടുപ്പ് ജോലികൾക്കായി ഫ്രാൻസ്, ഇറ്റലി, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പ്രാദേശിക കർഷകർ. സിഡ്‌നി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കോർപ്പറേറ്റ് തൊഴിൽ നേടാനും സ്ഥിരതാമസത്തിനുള്ള (PR) ചവിട്ടുപടിയായും വർക്കിംഗ് ഹോളിഡേ വിസയെ ഉപയോഗിക്കുന്ന പ്രവണതയാണ് ഇപ്പോൾ ബ്രിട്ടീഷ് യുവാക്കൾക്കിടയിൽ വർധിച്ചുവരുന്നത്.