

ഓസ്‌ട്രേലിയയുടെ അവസാനത്തെ കൊക്കോഡ യുദ്ധവീരൻ റെജിനാൾഡ് ജെയിംസ് ചാർഡ് OAM 102-ാം വയസ്സിൽ അന്തരിച്ചു. 18-ാം വയസ്സിൽ 1942-ൽ ഓസ്‌ട്രേലിയൻ സൈന്യത്തിൽ ചേർന്ന ചാർഡ് രണ്ടാം ലോകമഹായുദ്ധകാലത്ത് പാപ്പുവ ന്യൂ ഗിനിയയിൽ സേവനമനുഷ്ഠിച്ചു. മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പലതവണ ബാധിച്ചെങ്കിലും അദ്ദേഹം അതിജീവിച്ചു. മില്നെ ബേയിൽ എയർസ്ട്രിപ്പ് നിർമാണത്തിൽ പങ്കെടുത്തതിന് പിന്നാലെ കൊക്കോഡ ട്രാക്കിലെ യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തു. യുദ്ധത്തിനിടെ തന്റെ അടുത്ത സുഹൃത്തുക്കളായ രണ്ട് സൈനികർ ജാപ്പനീസ് സ്നൈപ്പർമാരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത് നേരിൽ കണ്ടതായി ചാർഡ് പിന്നീട് പറഞ്ഞിരുന്നു.
1942 ജൂലൈ മുതൽ നവംബർ വരെ നടന്ന കൊക്കോഡ പോരാട്ടം രണ്ടാം ലോകമഹായുദ്ധത്തിലെ ഓസ്‌ട്രേലിയയുടെ നിർണായക യുദ്ധങ്ങളിലൊന്നായിരുന്നു. ഏകദേശം 625 ഓസ്‌ട്രേലിയൻ സൈനികർ കൊല്ലപ്പെടുകയും 1,600ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1943-ൽ സിഡ്‌നിയിലേക്ക് മടങ്ങിയെത്തിയ ചാർഡിന് യുദ്ധകാലത്ത് ഏകദേശം 30 കിലോഗ്രാം ഭാരം നഷ്ടപ്പെട്ടിരുന്നു. ഉഷ്ണമേഖലാ രോഗങ്ങളുടെ തുടർച്ചയായ പ്രത്യാഘാതങ്ങൾ കാരണം ബേക്കറായി ജോലി തുടരാനായില്ല. പിന്നീട് 38 വർഷത്തോളം ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു.
ഭാര്യ ബെറ്റിയുടെ മരണശേഷം, കോൺകോർഡിലെ കൊക്കോഡ ട്രാക്ക് മെമ്മോറിയൽ വാക്ക്‌വേയിൽ സ്കൂൾ വിദ്യാർഥികൾക്കായി ഗൈഡായി പ്രവർത്തിച്ച അദ്ദേഹം തന്റെ തലമുറയുടെ സേവനത്തിന്റെയും ത്യാഗത്തിന്റെയും ഓർമകൾ പുതുതലമുറയിലേക്ക് പകർന്നു. വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ ഉൾപ്പെടെ നിരവധി പേർ ചാർഡിന് ആദരാഞ്ജലി അർപ്പിച്ചു. രാജ്യത്തിനായി സേവനം ചെയ്ത ധീരനായകനും പ്രിയ സുഹൃത്തുമായിരുന്നു റെജിനാൾഡ് ചാർഡെന്ന് ക്ലെയർ അനുസ്മരിച്ചു.