സെക്കൻഡ് ഹാൻഡ് ആണവ അന്തർവാഹിനികൾ വാങ്ങാൻ ഓസ്‌ട്രേലിയ; ഓക്കസ് കരാറിനെച്ചൊല്ലി ലേബർ പാർട്ടിയിൽ തർക്കം

അമേരിക്കൻ കപ്പൽശാലകളിൽ പുതിയ അന്തർവാഹിനികളുടെ ഉത്പാദന നിരക്ക് വളരെ കുറവായതിനാലാണ് ഓസ്‌ട്രേലിയയ്ക്ക് സെക്കൻഡ് ഹാൻഡ് അന്തർവാഹിനികൾ നൽകാൻ യുഎസ് നിർബന്ധിതരായതെന്ന് ലേബർ പാർട്ടി എം.പി എഡ് ഹുസിക്
സെക്കൻഡ് ഹാൻഡ് ആണവ അന്തർവാഹിനികൾ വാങ്ങാൻ ഓസ്‌ട്രേലിയ; ഓക്കസ് കരാറിനെച്ചൊല്ലി ലേബർ പാർട്ടിയിൽ തർക്കം
US Department of Defense)
Published on

കാൻബറ: ഓക്കസ് (AUKUS) പ്രതിരോധ കരാറിന്റെ ഭാഗമായി അമേരിക്കയിൽ നിന്ന് മൂന്ന് സെക്കൻഡ് ഹാൻഡ് (ഉപയോഗിച്ച) 'വിർജീനിയ-ക്ലാസ്' ആണവ അന്തർവാഹിനികൾ വാങ്ങാനാണ് ഓസ്‌ട്രേലിയയ്ക്ക് എപ്പോഴും താല്പര്യമുണ്ടായിരുന്നതെന്ന് മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. രണ്ട് ഉപയോഗിച്ച അന്തർവാഹിനികളും ഒരു പുതിയ അന്തർവാഹിനിയും വാങ്ങാനായിരുന്നു മുൻപ് നിശ്ചയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ വെച്ച് ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലസും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും നടത്തിയ കൂടിക്കാഴ്ചയിലാണ് മൂന്ന് അന്തർവാഹിനികളും സെക്കൻഡ് ഹാൻഡ് മതിയെന്ന പുതിയ തീരുമാനത്തിലേക്ക് കരാർ മാറ്റിയെഴുതിയത്. ഈ പുതിയ മാറ്റം കൂടുതൽ ലളിതവും ചിലവ് കുറഞ്ഞതുമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

എന്നാൽ, കരാറിലെ ഈ പെട്ടെന്നുള്ള മാറ്റം ഭരണകക്ഷിയായ ലേബർ പാർട്ടിക്ക് ഉള്ളിൽത്തന്നെ വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. അമേരിക്കൻ കപ്പൽശാലകളിൽ പുതിയ അന്തർവാഹിനികളുടെ ഉത്പാദന നിരക്ക് വളരെ കുറവായതിനാലാണ് ഓസ്‌ട്രേലിയയ്ക്ക് സെക്കൻഡ് ഹാൻഡ് അന്തർവാഹിനികൾ നൽകാൻ യുഎസ് നിർബന്ധിതരായതെന്ന് ലേബർ പാർട്ടി എം.പി എഡ് ഹുസിക് ആരോപിച്ചു. വിചാരിച്ച രീതിയിൽ കരാർ നടപ്പിലാകില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ ഓക്കസ് കരാർ പുനഃപരിശോധിക്കണമെന്നും ബദൽ മാർഗ്ഗങ്ങൾ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണപക്ഷത്തെ ഈ ആഭ്യന്തര കലഹത്തെ പ്രതിപക്ഷം കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ഓക്കസ് കരാറിലെ ഈ മാറ്റങ്ങൾ സുതാര്യമല്ലെന്ന് ഗ്രീൻസ് പാർട്ടിയും ആരോപിച്ചു. ഇതിനിടയിൽ മുൻ ലേബർ പാർട്ടി മന്ത്രി പീറ്റർ ഗാരറ്റിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം പ്രതിരോധ വിദഗ്ദ്ധർ ഓക്കസ് കരാറിന്റെ സാമ്പത്തിക ബാധ്യതകളെയും സുതാര്യതയെയും കുറിച്ച് ഒരു 'പബ്ലിക് ഇൻക്വയറി' (പൊതു അന്വേഷണം) ആരംഭിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ഈ സൈനിക കരാറിനെക്കുറിച്ച് കൃത്യമായ പൊതുജന ചർച്ചകൾ ആവശ്യമാണെന്ന് ഈ സമിതി ചൂണ്ടിക്കാണിക്കുന്നു. എന്നാൽ കരാറുമായി ശക്തമായി മുന്നോട്ട് പോകുമെന്നാണ് പ്രതിരോധ വ്യവസായ മന്ത്രി പാറ്റ് കോൺറോയ് വ്യക്തമാക്കുന്നത്.

Metro Australia
maustralia.com.au