നികുതി അടക്കാൻ ഇനി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാനാവില്ല; എടിഒ തീരുമാനത്തിനെതിരെ ചെറുകിട വ്യാപാരികൾ

എടിഒ സ്വതന്ത്ര സ്ഥാപനമാണെന്നും തീരുമാനം അവർ സ്വന്തം നിലയ്ക്കാണ് എടുത്തതെന്നും എന്നാൽ ബിസിനസുകൾക്ക് പരിവർത്തന കാലയളവ് നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രഷറർ ജിം ചാൽമേഴ്സ് വ്യക്തമാക്കി.
Assistant Technology Minister Andrew Charlton
Assistant Technology Minister Andrew CharltonABC News: Matt Roberts
Published on: 

കാൻബറ: നികുതി കുടിശ്ശിക അടയ്ക്കുന്നതിന് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള ഓസ്‌ട്രേലിയൻ ടാക്സേഷൻ ഓഫീസിന്റെ തീരുമാനത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം. ഡിസംബർ 1 മുതൽ നിലവിൽ വരുന്ന ഈ നീക്കം ചെറുകിട ബിസിനസുകളുടെ പണലഭ്യതയെയുംദൈനംദിന പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിവിധ വ്യാപാര സംഘടനകളും ക്രോസ്ബെഞ്ച് എംപിമാരും ഫെഡറൽ സർക്കാരിൽ രാഷ്ട്രീയ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തി.

വിഷയത്തിൽ ഭരണകക്ഷിയായ ലേബർ പാർട്ടിക്കുള്ളിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉടലെടുത്തത് രാഷ്ട്രീയ ആശയക്കുഴപ്പത്തിന് വഴിവെച്ചു. ബിസിനസ് മേഖലയുമായി എടിഒ പുനരാലോചന നടത്തണമെന്ന് ഭവന മന്ത്രി ക്ലെയർ ഒനീലും ചെറുകിട വ്യവസായ മന്ത്രി ആൻ അലിയും ആവശ്യപ്പെട്ടപ്പോൾ, എടിഒയുടെ തീരുമാനത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്ന നിലപാടാണ് അസിസ്റ്റന്റ് ടെക്നോളജി മന്ത്രി ആൻഡ്രൂ ചാർൾട്ടൺ സ്വീകരിച്ചത്. എടിഒ സ്വതന്ത്ര സ്ഥാപനമാണെന്നും തീരുമാനം അവർ സ്വന്തം നിലയ്ക്കാണ് എടുത്തതെന്നും എന്നാൽ ബിസിനസുകൾക്ക് പരിവർത്തന കാലയളവ് (Transition period) നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രഷറർ ജിം ചാൽമേഴ്സ് വ്യക്തമാക്കി.

ക്രെഡിറ്റ് കാർഡ് സർചാർജുകൾ പൂർണ്ണമായി നിരോധിക്കാൻ റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ (RBA) തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് എടിഒയുടെ ഈ അപ്രതീക്ഷിത നടപടി. സർചാർജ് ഒഴിവാക്കുന്നത് വഴി ഉപഭോക്താക്കൾക്ക് ചിലവ് കുറയുമെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനീസ് അവകാശപ്പെട്ടിരുന്നെങ്കിലും, ബാങ്ക് ഫീസ് സ്വന്തം പോക്കറ്റിൽ നിന്ന് നൽകേണ്ടി വന്നതോടെ കഫേകളും ചെറുകിട സ്ഥാപനങ്ങളും ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചുകൊണ്ട് തിരിച്ചടിക്കുകയായിരുന്നു. ഇന്ധന, ഊർജ്ജ വിലക്കയറ്റത്തിൽ വലയുന്ന വ്യാപാരികൾക്ക് എടിഒയുടെ ക്രെഡിറ്റ് കാർഡ് നിരോധനം കനത്ത പ്രഹരമായി മാറിയെന്ന് ഓസ്‌ട്രേലിയൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ACCI) ഉൾപ്പെടെയുള്ള സംഘടനകൾ ചൂണ്ടിക്കാട്ടി.

Metro Australia
maustralia.com.au