

കാൻബറ: മിഡിൽ ഈസ്റ്റ് യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുകയും ഇന്ധനവില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബാനിസ്ബു ധനാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. ഇന്ധന നികുതി ലിറ്ററിന് 26 സെന്റ് കുറയ്ക്കാനുള്ള സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഈ അപൂർവ്വമായ 'പ്രൈം ടൈം' പ്രസംഗം. പ്രതിസന്ധി രൂക്ഷമാകുന്നതിന് മുൻപ് ജനങ്ങളെ വിശ്വാസത്തിലെടുക്കാനും പരിഭ്രാന്തി ഒഴിവാക്കാനുമാണ് പ്രധാനമന്ത്രി ശ്രമിച്ചത്.
ഈസ്റ്റർ അവധിക്കാലത്ത് മുൻകൂട്ടി നിശ്ചയിച്ച യാത്രകളുമായി മുന്നോട്ട് പോകാൻ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി, വരും ആഴ്ചകളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും പൊതുഗതാഗതം പരമാവധി പ്രയോജനപ്പെടുത്താനും നിർദ്ദേശിച്ചു. ഇന്ധന നികുതി കുറച്ചതിന് പുറമെ, വിദേശത്ത് നിന്നുള്ള എണ്ണ, വളം ഇറക്കുമതി ഉറപ്പാക്കാനുള്ള നിയമങ്ങൾ പാസാക്കിയതായും ചെറുകിട ബിസിനസ്സുകൾക്ക് നികുതി ഇളവ് നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ പ്രധാനമന്ത്രിയുടെ പ്രസംഗം വെറും പൊള്ളയാണെന്നും വ്യക്തമായ പദ്ധതിയോ വിശദാംശങ്ങളോ ഇല്ലെന്നും പ്രതിപക്ഷം വിമർശിച്ചു.
ആഗോളതലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും സമാനമായ രീതിയിൽ തന്റെ പൗരന്മാരെ അഭിസംബോധന ചെയ്തിട്ടുണ്ട്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇറാൻ ഉപരോധിച്ചിരിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇത് ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നതിൽ സംശയമില്ല. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന മെയ് മാസത്തിലെ ബജറ്റിൽ കർശനമായ സാമ്പത്തിക പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് വ്യാഴാഴ്ച നടക്കുന്ന നാഷണൽ പ്രസ് ക്ലബ് മീറ്റിൽ പ്രധാനമന്ത്രി വ്യക്തമാക്കിയേക്കും.