

സിംഗപ്പൂർ: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ആഗോള എണ്ണ വിപണിയിൽ അസ്ഥിരത തുടരുന്ന സാഹചര്യത്തിൽ, പരസ്പര സഹകരണത്തിലൂടെ ഇന്ധന-വാതക ആവശ്യങ്ങൾ നിറവേറ്റാൻ ഓസ്‌ട്രേലിയയും സിംഗപ്പൂരും തീരുമാനിച്ചു. സിംഗപ്പൂർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഓഫീസായ ഇസ്താനയിൽ (Istana) വെച്ച് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങും നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണ്ണായകമായ ഈ ധാരണയുണ്ടായത്.
ഇരുരാജ്യങ്ങളുടെയും ഇന്ധന സുരക്ഷ ഉറപ്പാക്കാൻ "പരമാവധി പരിശ്രമം" നടത്തുമെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ഓസ്‌ട്രേലിയയുടെ പെട്രോൾ ആവശ്യത്തിന്റെ നാലിലൊന്നും സിംഗപ്പൂരിലെ ശുദ്ധീകരണശാലകളിൽ നിന്നാണ് ലഭിക്കുന്നത്. തിരിച്ച് സിംഗപ്പൂരിന് ആവശ്യമായ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ മൂന്നിലൊന്ന് ഓസ്‌ട്രേലിയയാണ് നൽകുന്നത്. ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ) നിയമപരമായ മാറ്റങ്ങൾ വരുത്താനും ഇരുനേതാക്കളും സമ്മതിച്ചു.
നിലവിലെ പ്രതിസന്ധി ഘട്ടത്തിലും ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ധന കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങ് ഉറപ്പുനൽകി. കോവിഡ് കാലത്തെ കടുത്ത പ്രതിസന്ധിയിൽ പോലും കയറ്റുമതി തടഞ്ഞിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പശ്ചിമ ആഫ്രിക്കയിൽ നിന്നും അമേരിക്കയിൽ നിന്നും അസംസ്കൃത എണ്ണ എത്തിച്ച് സിംഗപ്പൂരിലെ ജുറോംഗ് ഐലൻഡിൽ (Jurong Island) ശുദ്ധീകരണം തുടരുന്നത് ഓസ്‌ട്രേലിയയ്ക്ക് ആശ്വാസകരമാണ്. മെയ് പകുതി വരെ ആവശ്യമായ ഇന്ധനം ഓസ്‌ട്രേലിയ നിലവിൽ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ഉയർന്ന വിലയും വിതരണത്തിലെ കുറവും വരും മാസങ്ങളിലും തുടരാനാണ് സാധ്യത.