

കാൻബെറ: ഓസ്‌ട്രേലിയൻ ഭവന വിപണിയിലെ ലേല നിരക്കുകൾ (Auction clearance rates) റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലും, ബജറ്റിലെ വിവാദപരമായ ക്യാപിറ്റൽ ഗെയിൻസ് നികുതി പരിഷ്കരണങ്ങളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ആന്റണി ആൽബനീസ്. പ്രമുഖ മാധ്യമമായ '7.30' ന് നൽകിയ വിപുലമായ അഭിമുഖത്തിലാണ്, നിക്ഷേപകരുടെയും ബാങ്കുകളുടെയും ആശങ്കകളെ തള്ളിക്കൊണ്ട് പ്രധാനമന്ത്രി സർക്കാരിന്റെ നയം വ്യക്തമാക്കിയത്. ഭവന വിപണിയിലെ വിലക്കയറ്റം മൂലം യുവാക്കൾക്ക് സ്വന്തമായി വീട് വാങ്ങാൻ കഴിയാത്ത സാഹചര്യം തുടരാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ബജറ്റ് നിർദ്ദേശങ്ങൾ പ്രകാരം പഴയ വീടുകൾ വാങ്ങുന്ന നിക്ഷേപകർക്കുള്ള നികുതി ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചിരുന്നു. ഇത് വീടുകളുടെ വില ഇടിയാൻ കാരണമാകുമെന്ന് കോമൺവെൽത്ത് ബാങ്കും എൻഎബിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഈ പരിഷ്കരണത്തിലൂടെ സാധാരണക്കാരായ വീട് വാങ്ങാൻ വരുന്നവർക്ക് വൻകിട നിക്ഷേപകരുമായി ലേലത്തിൽ മത്സരിക്കേണ്ടി വരുന്നില്ലെന്ന് ആൽബനീസ് ചൂണ്ടിക്കാട്ടി. 1999-ന് ശേഷം ഓസ്‌ട്രേലിയയിൽ വീടുകളുടെ വിലയിൽ 400 ശതമാനത്തിലധികം വർദ്ധനവുണ്ടായപ്പോൾ ശമ്പളത്തിൽ അതിന്റെ പകുതി വളർച്ച മാത്രമാണുണ്ടായത്. ഈ തലമുറകൾ തമ്മിലുള്ള അസമത്വം അവസാനിപ്പിക്കാനും സിസ്റ്റം കൂടുതൽ സുതാര്യമാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നിർമ്മാണങ്ങൾക്ക് ഇപ്പോഴും നികുതി ആനുകൂല്യം ലഭിക്കുമെന്നും അത് വീടുകളുടെ നിർമ്മാണം കൂട്ടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ തീവ്ര വലതുപക്ഷ പാർട്ടിയായ 'വൺ നേഷൻ'ജനപ്രീതി നേടുന്നതിനെയും പ്രധാനമന്ത്രി അഭിമുഖത്തിൽ പരാമർശിച്ചു. ഓസ്‌ട്രേലിയ ഒരു ഏകസംസ്കാര സമൂഹമാണെന്ന വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസന്റെ വിവാദ പരാമർശത്തെ അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞു. "ബഹുസ്വരത (Multiculturalism) എന്നത് ഓസ്‌ട്രേലിയക്കാരായ നമ്മുടെ അടയാളമാണ്. നമ്മൾ ഒരിക്കലും ഒരു ഏകസംസ്കാര സമൂഹമായിരുന്നില്ല," ആൽബനീസ് പറഞ്ഞു.
ആദിമ നിവാസികൾ ഒഴികെ ഓസ്‌ട്രേലിയയിലെ ഭൂരിഭാഗം ജനങ്ങളും കുടിയേറ്റക്കാരോ അവരുടെ തലമുറകളോ ആണ്. പരസ്പര ബഹുമാനത്തോടെ ജീവിക്കുന്ന ഈ രാജ്യം ലോകത്തിന്റെ തന്നെ ഒരു പരിച്ഛേദമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. പ്രതിപക്ഷ നേതാക്കൾ ബഹുസ്വരതയെ നിർവ്വചിക്കാൻ പതറുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ ശക്തമായ നിലപാട്. പാശ്ചാത്യ ലോകത്താകെ വലതുപക്ഷ പോപ്പുലിസ്റ്റ് പാർട്ടികൾ വളരുന്നത് ജനങ്ങളുടെ സാമ്പത്തിക നിരാശ മൂലമാണെന്നും, അത് പരിഹരിക്കാൻ ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.