കുട്ടികളിൽ സോഷ്യല്‍ മീഡിയ നിരോധനം; ഓസ്ട്രേലിയയെ മാതൃകയാക്കാൻ ആന്ധ്രാപ്രദേശ്

നിയമനിര്‍മാണം നടപ്പാക്കുകയാണെങ്കില്‍, കുട്ടികള്‍ക്കായി സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായിരിക്കും ആന്ധ്ര.
ഓസ്ട്രേലിയയെ മാതൃകയാക്കാൻ ആന്ധ്രാപ്രദേശ്
സംസ്ഥാന ഐടി മന്ത്രി നാരാ ലോകേഷ് സുപ്രധാന നടപടിയെക്കുറിച്ച് വ്യക്തമാക്കിയത്. (Bloomberg)
Published on

ഓസ്ട്രേലിയയുടെ മാതൃക പിന്തുടര്‍ന്ന് പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നീക്കത്തില്‍ ആന്ധ്രാപ്രദേശ്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ബ്ലൂംബെര്‍ഗ് ന്യൂസിനോട് സംസാരിക്കവെയാണ് സംസ്ഥാന ഐടി മന്ത്രി നാരാ ലോകേഷ് സുപ്രധാന നടപടിയെക്കുറിച്ച് വ്യക്തമാക്കിയത്. ഓസ്ട്രേലിയയില്‍ തുടര്‍ച്ചയായുണ്ടായ ആക്രമണങ്ങളില്‍ കൗമാരക്കാര്‍ പ്രതികളാകുന്നതും അതിനു സോഷ്യല്‍ മീഡിയ പ്രചോദനേമകുന്നുവെന്നും കണ്ടെത്തിയതോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഒരു നിശ്ചിത പ്രായത്തിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്ന കാര്യങ്ങളുടെ ആഘാതം തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയില്ലെന്നും, അതിനാല്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി ശക്തമായ നിയമനിര്‍മ്മാണം അത്യാവശ്യമാണെന്നും ഐടി മന്ത്രി പറഞ്ഞു. 'ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയ നടത്തിയ ഇടപെടലുകള്‍ സംസ്ഥാനം സൂക്ഷ്മമായി പഠിക്കുകയാണ്. ഓസ്‌ട്രേലിയയുടെ അണ്ടര്‍ 16 നിയമങ്ങള്‍ ഞങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ നിയമമാണ് വേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു' - അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിലവില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് ചില നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും, ഇത്തരം ഒരു പൂര്‍ണ നിരോധനം ആദ്യമായാണ് ഒരു ഇന്ത്യന്‍ സംസ്ഥാനം ഗൗരവമായി പരിഗണിക്കുന്നത്. നിയമനിര്‍മാണം നടപ്പാക്കുകയാണെങ്കില്‍, കുട്ടികള്‍ക്കായി സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായിരിക്കും ആന്ധ്ര.

Related Stories

No stories found.
Metro Australia
maustralia.com.au