

ഇറാൻ ആണവായുധം കൈക്കലാക്കുന്നത് തടയാൻ അമേരിക്ക നടത്തുന്ന നീക്കങ്ങൾക്ക് ഓസ്‌ട്രേലിയൻ സർക്കാർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇറാൻ ഭരണകൂടം ആണവായുധം വികസിപ്പിക്കുന്നത് ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും അത് ഒരിക്കലും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി ആന്തണി ആൽബനീസി പ്രസ്താവനയിൽ പറഞ്ഞു. വിദേശകാര്യ മന്ത്രി പെന്നി വോംഗ്, പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് എന്നിവർ സംയുക്തമായാണ് ഈ നിലപാട് വ്യക്തമാക്കിയത്.
ഇറാനിൽ യുഎസ്-ഇസ്രായേൽ സഖ്യം ആക്രമണം ആരംഭിച്ച സാഹചര്യത്തിൽ അവിടെയുള്ള ഓസ്‌ട്രേലിയൻ പൗരന്മാരോട് എത്രയും വേഗം മടങ്ങാൻ സർക്കാർ നിർദ്ദേശിച്ചു. അതേസമയം, പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കുന്നത് ഒഴിവാക്കാൻ പരമാവധി സംയമനം പാലിക്കണമെന്ന് യൂറോപ്യൻ യൂണിയനും ബ്രിട്ടനും ആവശ്യപ്പെട്ടു. സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. മിസൈൽ ആക്രമണ റിപ്പോർട്ടുകളെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ വിദേശ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ നിർദ്ദേശമുണ്ട്.