ഭീകരവാദത്തിനും തോക്ക് നിർമ്മാണത്തിനും എഐ സഹായം; ChatGPT ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ പ്രതിസന്ധിയിൽ

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമുകൾ ഭീകരവാദവുമായി ബന്ധപ്പെട്ട ആവശ്യങ്ങളിൽ 48 ശതമാനം മാത്രമാണ് നിരസിച്ചതെന്ന് റിപ്പോര്‍ട്ട്‌
chatgpt
ചാറ്റ്ജിപിടിInternet
Published on

കാൻബെറ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകൾ തീവ്രവാദികൾക്കും അക്രമാസക്തരായ തീവ്രവലതുപക്ഷ ഗ്രൂപ്പുകൾക്കും ആയുധം നിർമ്മിക്കാനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും 'കോച്ചിങ്' നൽകുന്നതായി യുഎൻ പിന്തുണയോടെ പ്രവർത്തിക്കുന്ന 'ടെക് എഗെയ്ൻസ്റ്റ് ടെററിസം' സംഘടനയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമുകൾ ഭീകരവാദവുമായി ബന്ധപ്പെട്ട ആവശ്യങ്ങളിൽ 48 ശതമാനം മാത്രമാണ് നിരസിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എഐ മോഡലുകൾ ഒരു വെബ് സെർച്ചിനേക്കാൾ അപകടകരമാണെന്നും, ബോംബ് നിർമ്മാണവും 3ഡി ഗണ്ണുകൾ നിർമ്മിക്കുന്നതുമടക്കമുള്ള കാര്യങ്ങൾ ഉപയോക്താവുമായി നിരന്തരം സംസാരിച്ച് പറഞ്ഞുതരുന്ന ഒരു 'കോച്ചിനെപ്പോലെയാണ്' ഇവ പ്രവർത്തിക്കുന്നതെന്നും സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആദം ഹാഡ്‌ലി മുന്നറിയിപ്പ് നൽകി.

ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ ബോണ്ടി ബീച്ച് ആക്രമണത്തിന് സമാനമായ കൂട്ടക്കൊലയ്ക്ക് എഐ ഉപയോഗിച്ച് തിരക്കഥ തയ്യാറാക്കിയ 13 വയസ്സുകാരൻ കഴിഞ്ഞ മാസം പിടിയിലായതും, മെൽബണിൽ നടന്ന കുത്തേറ്റ ആക്രമണത്തിന് പിന്നിൽ എഐ വഴിയുള്ള തീവ്രവാദ ആശയസ്വാധീനമാണെന്നതും ആശങ്ക ഇരട്ടിയാക്കുന്നു. ഓപ്പൺ സോഴ്‌സ് എഐ മോഡലുകളിലെ സുരക്ഷാ സംവിധാനങ്ങൾ ഉപയോക്താക്കൾക്ക് പൂർണ്ണമായി നീക്കം ചെയ്യാൻ സാധിക്കുന്നത് വലിയൊരു ദേശീയ സുരക്ഷാ ഭീഷണിയാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന വെടിവെപ്പിൽ ചാറ്റ്ജിപിടിയുടെ പങ്ക് വ്യക്തമാക്കുന്ന കേസിൽ ഇതിനകം യുഎസിൽ ഓപ്പൺഎഐ (OpenAI) ക്രിമിനൽ അന്വേഷണം നേരിടുന്നുണ്ട്. ഓസ്‌ട്രേലിയയിലെ ഓൺലൈൻ സേഫ്റ്റി ആക്ട് പ്രകാരം തീവ്രവാദ ഉള്ളടക്കങ്ങൾ തടയാത്ത പ്ലാറ്റ്‌ഫോമുകൾക്ക് 54 മില്യൺ ഡോളർ വരെ പിഴ ചുമത്താമെങ്കിലും, കമ്പനികളുടെ വരുമാനത്തിന് ആനുപാതികമായി പിഴ ഈടാക്കണമെന്നും നിയമം ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകളെ രാജ്യത്ത് പൂർണ്ണമായി ജിയോബ്ലോക്ക് (Geoblock) ചെയ്യണമെന്നും യുഎൻഎസ്ഡബ്ല്യു (UNSW) എഐ ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് സയന്റിസ്റ്റ് ടോബി വാൽഷ് ആവശ്യപ്പെട്ടു.

Metro Australia
maustralia.com.au