നാല് വരകളുള്ള വസ്ത്ര ഡിസൈൻ;പ്രമുഖ ഓസ്‌ട്രേലിയൻ ഫാഷൻ ബ്രാൻഡ് 'വൈറ്റ് ഫോക്‌സി'നെതിരെ അഡിഡാസ് കോടതിയിൽ

വൈറ്റ് ഫോക്സിന്റെ പരസ്യങ്ങളിൽ മോഡലുകൾ അഡിഡാസിന്റെ ഒറിജിനൽ ഷൂസുകൾക്കൊപ്പം വൈറ്റ് ഫോക്സ് സോക്സുകൾ ധരിച്ച് പ്രത്യക്ഷപ്പെട്ടത് ഉപഭോക്താക്കളിൽ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നാല് വരകളുള്ള വസ്ത്ര ഡിസൈൻ;പ്രമുഖ ഓസ്‌ട്രേലിയൻ ഫാഷൻ ബ്രാൻഡ് 'വൈറ്റ് ഫോക്‌സി'നെതിരെ അഡിഡാസ് കോടതിയിൽ
Federal Court of Australia
Published on: 

സിഡ്നി: തങ്ങളുടെ വിഖ്യാതമായ ത്രീ-സ്ട്രൈപ്പ്സ് (Three stripes) ലോഗോയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അനുകരിച്ച് നാല് വരകളുള്ള വസ്ത്രങ്ങൾ വിപണനം ചെയ്തെന്നാരോപിച്ച് ഓസ്‌ട്രേലിയൻ ഫാസ്റ്റ്-ഫാഷൻ ബ്രാൻഡായ വൈറ്റ് ഫോക്സിനെതിരെ (White Fox) ആഗോള സ്‌പോർട്‌സ്‌വെയർ ഭീമൻ അഡിഡാസ് ഓസ്‌ട്രേലിയൻ ഫെഡറൽ കോടതിയിൽ നിയമനടപടി ആരംഭിച്ചു. മാർച്ചിൽ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ച് കമ്പനി ഇത്തരം വസ്ത്രങ്ങൾ വിൽക്കുന്നത് തുടർന്നതിനെ തുടർന്നാണ് അഡിഡാസ് നിയമപോരാട്ടത്തിലേക്ക് കടന്നത്.

ഓസ്‌ട്രേലിയ, യുകെ, യുഎസ് എന്നിവിടങ്ങളിലെ യുവാക്കൾക്കിടയിൽ വൻ ജനപ്രീതിയുള്ള ബ്രാൻഡാണ് സിഡ്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈറ്റ് ഫോക്സ്. തുല്യ വീതിയിലുള്ള നാല് സമാന്തര വരകൾ നൽകി വസ്ത്രങ്ങൾ നിർമ്മിക്കുന്നത് തങ്ങളുടെ ട്രേഡ്മാർക്കിന്റെ ലംഘനമാണെന്നും, തങ്ങളുടെ പ്രശസ്തിയെ ചൂഷണം ചെയ്യാനാണ് വൈറ്റ് ഫോക്സ് ശ്രമിക്കുന്നതെന്നും അഡിഡാസിന്റെ അഭിഭാഷകർ ജസ്റ്റിസ് ഇയാൻ ജാക്ക്മാന് മുൻപാകെ വാദിച്ചു. വൈറ്റ് ഫോക്സിന്റെ പരസ്യങ്ങളിൽ മോഡലുകൾ അഡിഡാസിന്റെ ഒറിജിനൽ ഷൂസുകൾക്കൊപ്പം വൈറ്റ് ഫോക്സ് സോക്സുകൾ ധരിച്ച് പ്രത്യക്ഷപ്പെട്ടത് ഉപഭോക്താക്കളിൽ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസ് ഫയൽ ചെയ്തതിന് പിന്നാലെ പ്രൊമോഷണൽ ചിത്രങ്ങളിൽ നിന്ന് അഡിഡാസ് ലോഗോ ഡിജിറ്റലായി നീക്കം ചെയ്തതായും ആരോപണമുണ്ട്.

എന്നാൽ ട്രേഡ്മാർക്ക് ലംഘനം നടത്തിയിട്ടില്ലെന്നാണ് വൈറ്റ് ഫോക്സിന്റെ നിലപാട്. കോട്ടൺ ഓൺ (Cotton On), ഗ്ലാസൺസ് (Glassons) തുടങ്ങിയ പ്രമുഖ ഓസ്‌ട്രേലിയൻ ബ്രാൻഡുകളും സമാനമായ അലങ്കാര വരകൾ വസ്ത്രങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്ന വാദമാണ് കമ്പനി മുന്നോട്ടുവെക്കുന്നത്. ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെ ലഭിച്ച ലാഭവും പലിശയും നഷ്ടപരിഹാരമായി നൽകണമെന്നാണ് അഡിഡാസിന്റെ ആവശ്യം. കേസിലെ വിശദമായ വിചാരണ അടുത്ത വർഷം ആദ്യം നടക്കും. 2013-ൽ നാല് വരകളുള്ള ഷൂസുകൾ വിറ്റതിന് ഓസ്‌ട്രേലിയയിൽ പസഫിക് ബ്രാൻഡ്സിനെതിരെ അഡിഡാസ് സമാനമായ നിയമപോരാട്ടത്തിൽ വിജയിച്ചിരുന്നു.

Metro Australia
maustralia.com.au