തലസ്ഥാനത്ത് മനുഷ്യാവകാശ ലംഘനങ്ങൾ കൂടുന്നു; വംശീയതയും വയോജന പീഡനവും ഉൾപ്പെടെ പരാതികളിൽ 21% വർധന

വോയ്‌സ് റഫറണ്ടത്തിന് ശേഷം തദ്ദേശവാസികൾക്ക് നേരെ വംശീയ വിദ്വേഷ പ്രചാരണങ്ങളും അധിക്ഷേപങ്ങളും വർധിച്ചതായി കമ്മ്യൂണിറ്റി സർവീസസ് കമ്മീഷണർ കാരെൻ ടൂഹി വ്യക്തമാക്കി.
തലസ്ഥാനത്ത് മനുഷ്യാവകാശ ലംഘനങ്ങൾ കൂടുന്നു; വംശീയതയും വയോജന പീഡനവും ഉൾപ്പെടെ പരാതികളിൽ 21% വർധന
ABC News
Published on: 

കാൻബറ: ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി (ഹ്യൂമൻ റൈറ്റ്സ് കമ്മീഷനിലേക്ക് സഹായം തേടിയെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. 2025-2026 സാമ്പത്തിക വർഷത്തിൽ കമ്മീഷന് ലഭിച്ച ആകെ പരാതികളിൽ 21 ശതമാനം വർധനവ് രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 2,068 പരാതികളും 2,100-ലധികം അന്വേഷണങ്ങളുമാണ് കമ്മീഷന് മുന്നിലെത്തിയത്. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും നേരെയുള്ള അതിക്രമങ്ങളും അവഗണനകളും സംബന്ധിച്ച പരാതികളിൽ മൂന്നിലൊന്ന് വർധനവുണ്ടായപ്പോൾ, തദ്ദേശീയരായ അബോറിജിനൽ, ടോറസ് സ്ട്രെയിറ്റ് ഐലൻഡർ ജനവിഭാഗങ്ങളിൽ നിന്നുള്ള പരാതികൾ 50 ശതമാനത്തോളമാണ് ഉയർന്നത്.

വോയ്‌സ് റഫറണ്ടത്തിന് ശേഷം തദ്ദേശവാസികൾക്ക് നേരെ വംശീയ വിദ്വേഷ പ്രചാരണങ്ങളും അധിക്ഷേപങ്ങളും വർധിച്ചതായി കമ്മ്യൂണിറ്റി സർവീസസ് കമ്മീഷണർ കാരെൻ ടൂഹി വ്യക്തമാക്കി. കമ്മീഷൻ അന്വേഷിച്ച പരാതികളിൽ പത്ത് ശതമാനത്തോളം (201 എണ്ണം) ഫസ്റ്റ് നേഷൻസ് വിഭാഗക്കാർ നേരിട്ട വംശീയതയുമായി ബന്ധപ്പെട്ടതായിരുന്നു. ഭവനരഹിതരാക്കപ്പെടുമോ എന്ന ഭയവും സർക്കാർ സംവിധാനങ്ങളോടുള്ള ഭീതിയും കാരണം വലിയൊരു വിഭാഗം ഇപ്പോഴും പരാതി നൽകാൻ മടിക്കുകയാണെന്ന് ആദിവാസി ആരോഗ്യ സംഘടനയായ വിനുങ്ക നിമ്മിറ്റിജയുടെ (Winnunga Nimmityjah) സിഇഒ ജൂലി ടോങ്സ് ചൂണ്ടിക്കാട്ടി.

കൂടാതെ കുടുംബങ്ങൾക്കുള്ളിലെ വയോജന പീഡനം, ഭിന്നശേഷിക്കാർക്കെതിരായ അതിക്രമങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയിൽ 33 ശതമാനം വർധനവുണ്ടായിട്ടുണ്ട്. അവകാശങ്ങൾ നിയമങ്ങളിൽ എഴുതിവെച്ചാൽ മാത്രം പോരാ, അവ പ്രായോഗികമായി സംരക്ഷിക്കപ്പെടണമെന്ന് അഡ്വക്കസി ഫോർ ഇൻക്ലൂഷൻ സിഇഒ നിക്കോളാസ് ലാവ്‌ലർ ഓർമ്മിപ്പിച്ചു. അതേസമയം, പരാതികളുടെ എണ്ണം കുതിച്ചുയരുമ്പോഴും കമ്മീഷനിൽ ജീവനക്കാരുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നത് തലസ്ഥാനത്തെ അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്ക് നീതി ഉറപ്പാക്കുന്നതിന് വലിയ തടസ്സമാകുന്നുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് കമ്മീഷണർ പെനലോപ് മാത്യു വാർഷിക റിപ്പോർട്ടിൽ ആശങ്ക പ്രകടിപ്പിച്ചു.

Metro Australia
maustralia.com.au