എമിറേറ്റ്സ് വിമാനങ്ങളിലെ പവർബാങ്കുമായി ബന്ധപ്പെട്ട സുരക്ഷാ നടപടി  Fabian Joy/ Unsplash
World

വിമാനയാത്രയിൽ പവർബാങ്ക് പറ്റില്ല, പൂർണ്ണമായും നിരോധിച്ച് എമിറേറ്റ്സ് എയർലൈൻസ്

വ്യോമയാന മേഖലയിൽ ലിഥിയം ബാറ്ററിയുമായി ബന്ധപ്പെട്ട അപകട സംഭവങ്ങൾ കൂടിവരികയാണ്.

Elizabath Joseph

വിമാനയാത്രയിൽ പവർബാങ്ക് പൂർണ്ണമായും നിരോധിക്കുന്ന സുരക്ഷാ നടപടിയുമായി യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. ലോകത്തിലെ തന്നെ മികച്ച എയർലൈനുകളിലൊന്നായ എമിറേറ്റ്സിന്‍റെ വിമാനത്തിലെ പവർബാങ്കുമായി ബന്ധപ്പെട്ട പുതിയ സുരക്ഷാ നടപടി ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു.

ഇതനുസരിച്ച്, യാത്രക്കാർക്ക് 100 വാട്ട്-ആവർ (Wh) വരെ ശേഷിയുള്ള ഒരു പവർ ബാങ്ക് ക്യാബിൻ ബാഗേജിൽ കൊണ്ടുപോകാൻ അനുവാദമുണ്ടാകും, പക്ഷേ അത് യാത്രയ്ക്കിടെ ഉപയോഗിക്കാൻ പാടില്ല.

അതായത്, യാത്രക്കാർക്ക് സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാനോ വിമാനത്തിന്റെ ഇൻ-സീറ്റ് പവർ സപ്ലൈ ഉപയോഗിച്ച് പവർ ബാങ്കുകൾ റീചാർജ് ചെയ്യാനോ കഴിയില്ല എന്നാണ്.

വിമാനങ്ങളിലെ പവർ ബാങ്കുകളുടെ ഉപയോഗത്തിൽ നിന്നുണ്ടാകുന്ന അപകടസാധ്യത കുറയ്ക്കുന്നതിനായി, സമഗ്രമായ സുരക്ഷാ പരിശോധനകൾക്ക് ശേഷം എമിറേറ്റ്‌സ് ഉറച്ചും മുൻകരുതലോടെ എടുത്ത നടപടിയാണ് ഇത്,എമിറേറ്റ്‌സ് പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി യാത്രക്കാർക്കിടയിൽ പവർ ബാങ്കുകളുടെ ഉപയോഗം കുത്തനെ വർധിച്ചതിനാൽ, വ്യോമയാന മേഖലയിൽ ലിഥിയം ബാറ്ററിയുമായി ബന്ധപ്പെട്ട അപകട സംഭവങ്ങൾ കൂടിവരികയാണ്.

എല്ലാ അംഗീകൃത പവർ ബാങ്കുകളിലും ശേഷി (capacity) വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അവ സീറ്റിന്റെ പോക്കറ്റിലോ മുന്നിലെ സീറ്റിനടിയിലോ മാത്രമേ സൂക്ഷിക്കാവൂ. ഓവർഹെഡ് ബാഗേജിൽ വെക്കാൻ പാടില്ലെന്നും കമ്പനി വ്യക്തമാക്കി.

തങ്ങളുടെ വിമാനങ്ങളിൽ സീറ്റിൽ തന്നെ ചാർജിംഗ് പോർട്ടുകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, യാത്രയ്ക്കു മുൻപ്, പ്രത്യേകിച്ച് ദീർഘദൂര യാത്രയ്ക്ക് മുന്‍പ് യാത്രക്കാർ അവരുടെ ഉപകരണങ്ങൾ പൂർണ്ണമായും ചാർജ് ചെയ്യണമെന്നും എയർലൈൻ സൂചിപ്പിച്ചു.

ലിഥിയം അയേണ്‍ ബാറ്ററിയും ലിഥിയം പോളിമെര്‍ ബാറ്ററിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ ബാങ്കുകള്‍ക്ക് കേടുപാട് സംഭവിക്കുകയോ ഓവര്‍ ചാര്‍ജ് ആകുകയോ ചെയ്താല്‍ തീപിടിത്തത്തിന് കാരണമാകുമെന്നാണ് കമ്പനി പറയുന്നത്.

SCROLL FOR NEXT