പ്രധാനമന്ത്രി നരേന്ദ്ര മോദി Press Information Bureau
India

പ്രധാനമന്ത്രി ഇന്ന്‌ മണിപ്പുരിൽ; വംശീയ കലാപത്തിന് ശേഷം ആദ്യം, 8500 കോടിയുടെ വികസന പദ്ധതികള്‍

2023 മേയില്‍ വംശീയകലാപം തുടങ്ങിയ മണിപ്പുരില്‍ രണ്ട് വര്‍ഷത്തിനും നാല് മാസത്തിനും ശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്

Elizabath Joseph

ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂർ സന്ദർശിക്കും. 2023 മേയില്‍ വംശീയകലാപം തുടങ്ങിയ മണിപ്പുരില്‍ രണ്ട് വര്‍ഷത്തിനും നാല് മാസത്തിനും ശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയെത്തുന്ന പ്രധാനമന്ത്രി ചുരാചന്ദ്പുരിലും ഇംഫാലിലും ചില ചടങ്ങുകളിൽ പങ്കെടുക്കും. മണിപ്പൂരിന്റെ വികസനമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞിരുന്നു.

മിസോറാമിലെ ഐസ്വാളിൽ നിന്ന് ചുരാചന്ദ് പൂരിലേക്കാണ് പ്രധാനമന്ത്രി ആദ്യമെത്തുന്നത്. കുക്കി ഭൂരിപക്ഷ മേഖലയായ ഇവിടെ 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് മോദി തറക്കല്ലിടും. കൂടാതെ, കുക്കി- മെയ്തി മേഖലകൾക്ക് പ്രത്യ.േക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതും ഇന്നത്തെ പരിപാടികളിലുണ്ട്.

മണിപ്പൂർ നഗര റോഡുകൾ, ഡ്രെയിനേജ്, ആസ്തി മാനേജ്മെന്റ് മെച്ചപ്പെടുത്തൽ പദ്ധതി 3,600 കോടിയിലധികം രൂപയുടെ പദ്ധതി; 2,500 കോടിയിലധികം രൂപയുടെ 5 ദേശീയ പാത പദ്ധതികൾ; മണിപ്പൂർ ഇൻഫോടെക് വികസന (മൈൻഡ്) പദ്ധതി, 9 സ്ഥലങ്ങളിൽ വർക്കിംഗ് വിമൻ ഹോസ്റ്റലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഉച്ചയ്ക്ക് രണ്ടരയോടെ ഇംഫാലിലെത്തുന്ന പ്രധാനമന്ത്രി ഇവിടെ ഒരു പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ഇംഫാലിൽ 1,200 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രിപുഖ്രിയിലെ സിവിൽ സെക്രട്ടേറിയറ്റ്; മന്ത്രിപുഖ്രിയിലെ ഐടി സെസ് കെട്ടിടവും പുതിയ പോലീസ് ആസ്ഥാനവും; ഡൽഹിയിലും കൊൽക്കത്തയിലും മണിപ്പൂർ ഭവനുകൾ; 4 ജില്ലകളിലെ വനിതാ വിപണിയായ ഇമാ മാർക്കറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അസം, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളും മോദി സന്ദര്‍ശിക്കും. സെപ്റ്റംബര്‍ 13-ന് ഗുവഹാത്തിയില്‍ നടക്കുന്ന ഡോ. ഭൂപന്‍ ഹസാരികയുടെ നൂറാം ജന്മവാര്‍ഷികാഘോഷങ്ങളില്‍ മോദി പങ്കെടുക്കും. പിറ്റേദിവസം അസമില്‍ 18,530 കോടിയുടെ വിവിധ പദ്ധതികള്‍ക്ക് ശിലാസ്ഥാപനം നടത്തുകയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

തിങ്കളാഴ്ച പ്രധാനമന്ത്രി പശ്ചിമ ബംഗാൾ സന്ദർശിക്കുകയും കൊൽക്കത്തയിൽ 16-ാമത് കമ്പൈൻഡ് കമാൻഡേഴ്‌സ് കോൺഫറൻസ് -2025 ഉദ്ഘാടനം ചെയ്യുകയും ചെയ്യും. തുടർന്ന് മോദി ബീഹാറിലേക്ക് പോയി പൂർണിയ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്യും. പൂർണിയയിൽ ഏകദേശം മുപ്പത്തിയാറായിരം കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

SCROLL FOR NEXT