മെൽബൺ: വാങ്ങാൻ ആളെ കണ്ടെത്താനാകാതെ ലിക്വിഡേറ്റർമാർ ചുമതലയേറ്റതിനെ തുടർന്ന് മെൽബണിലെ അവോൻഡേൽ ഹൈറ്റ്സിലെ ഒരു ചൈൽഡ്‌കെയർ സെന്റർ അപ്രതീക്ഷിതമായി അടച്ചുപൂട്ടി. ഇതോടെ ഏകദേശം 70 കുട്ടികളുടെ കുടുംബങ്ങൾക്ക് അടിയന്തരമായി പുതിയ ചൈൽഡ്‌കെയർ സൗകര്യം കണ്ടെത്തേണ്ടിവന്നു. നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ Avondale Heights Childcare and Early Learning Centre ആണ് അടച്ചത്. ASIC-ൽ പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം SBS Advisory-യുടെ ലിക്വിഡേറ്റർമാർ സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെയാണ് സെന്റർ പ്രവർത്തനം അവസാനിപ്പിച്ചത്.
ബിസിനസിനായി ആദ്യം വാങ്ങുവാനായി ഒരാളെ കണ്ടെത്തുകയും വിൽപ്പന കരാറിൽ ഏർപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇടപാട് അവസാന നിമിഷം പരാജയപ്പെട്ടതോടെയാണ് സെന്റർ അടച്ചുപൂട്ടേണ്ടിവന്നത്. ലിക്വിഡേറ്റർ ഗ്ലെൻ സ്പൂണർ ചൊവ്വാഴ്ച വൈകുന്നേരം മാതാപിതാക്കൾക്കും സ്റ്റാഫിന് കത്ത് അയച്ചു. ബുധനാഴ്ചയ്ക്കായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ കുട്ടികൾക്ക് മറ്റൊരു ചൈൽഡ്‌കെയർ സൗകര്യം കണ്ടെത്തേണ്ട സാഹചര്യമാണുണ്ടായത്. സെന്റർ അടച്ചതോടെ 25 അധ്യാപകർക്കും ജീവനക്കാർക്കും ജോലി നഷ്ടമായി. ഏകദേശം 70 കുട്ടികൾ ഇവിടെ ഉണ്ടായിരുന്നചായാണ് വിവരം. ബുധനാഴ്ച സാധനങ്ങൾ എടുക്കാനും കുട്ടികളോട് വിടപറയാനുമായി സെന്ററിലെത്തിയ ജീവനക്കാർ വികാരാധീനരായി കരയുന്ന കാഴ്ചയും ഉണ്ടായി. പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കാൻ സമീപത്തെ മറ്റ് ചൈൽഡ്‌കെയർ സെന്ററുകൾ രംഗത്തെത്തിയിട്ടുണ്ട്. Avondale Heights-ലെ Little Stars Early Education Centre, Goodstart Early Learning Keilor Village എന്നിവ കുട്ടികൾക്ക് പുതിയ സീറ്റുകൾ നൽകാൻ മാതാപിതാക്കളെ സമീപിച്ചിട്ടുണ്ട്.
“കുടുംബങ്ങൾക്ക് ഇത് വളരെ ബുദ്ധിമുട്ടേറിയതും അപ്രതീക്ഷിതവുമായ സാഹചര്യമാണ്. സംഭവത്തെക്കുറിച്ച് ഞങ്ങളുടെ ടീമിന് ബോധ്യമുണ്ട്. കുടുംബങ്ങളുടെ മാറ്റത്തിന് ആവശ്യമായ സഹായം നൽകാൻ ഞങ്ങൾ തയ്യാറാണ്,” Little Stars Early Education Centre അറിയിച്ചു.രാവിലെ 6.30 മുതൽ വൈകിട്ട് 6.30 വരെ പ്രവർത്തിച്ചിരുന്ന Avondale Heights Childcare and Early Learning Centre സ്വയം ഒരു “warm, family-run childcare” സ്ഥാപനമായാണ് വിശേഷിപ്പിച്ചിരുന്നത്. ഇതിനിടെ, മറ്റൊരു വലിയ ചൈൽഡ്‌കെയർ സ്ഥാപനമായ Edge Early Learning-ഉം ബുധനാഴ്ച voluntary administration-ലേക്ക് പ്രവേശിച്ചു. ഇതോടെ രാജ്യത്തുടനീളം 70 വരെ ചൈൽഡ്‌കെയർ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനുള്ള സാധ്യതയാണ് ഉയർന്നിരിക്കുന്നത്. Queensland, South Australia, ACT എന്നിവിടങ്ങളിലായി 70 ചൈൽഡ്‌കെയർ, കിൻഡർഗാർട്ടൻ, പ്രീ-സ്കൂൾ കേന്ദ്രങ്ങളാണ് Edge Early Learning നടത്തുന്നത്. ഓസ്ട്രേലിയയിലെ ചൈൽഡ്‌കെയർ മേഖലയിലെ സാമ്പത്തിക സമ്മർദ്ദത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് തുടർച്ചയായ സ്ഥാപന അടച്ചുപൂട്ടലുകൾ കുടുംബങ്ങളെയും ജീവനക്കാരെയും ബാധിക്കുന്നത്.