ബ്രിസ്‌ബേൻ: പോളിൻ ഹാൻസന്റെ വൺ നേഷൻ പാർട്ടി ക്വീൻസ്‌ലാൻഡ് റെഗുലേറ്ററുടെ നിർദേശത്തെ തുടർന്ന് കുടിശ്ശികയായിരുന്ന മൂന്ന് വർഷത്തെ സാമ്പത്തിക റിട്ടേണുകൾ സമർപ്പിച്ചു. 2022-23, 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിലെ ഓഡിറ്റ് ചെയ്ത സാമ്പത്തിക രേഖകളാണ് പാർട്ടി സമർപ്പിച്ചത്. റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18 ആയിരുന്നു.
റിട്ടേണുകൾ സമർപ്പിക്കാത്ത പക്ഷം നടപടിയുണ്ടാകുമെന്ന് ക്വീൻസ്‌ലാൻഡ് Office of Fair Trading (OFT) കഴിഞ്ഞ മാസം വൺ നേഷനെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി സമയപരിധി അവസാനിക്കുന്നതിന് മുമ്പ്, ഓഫീസ് സമയം കഴിഞ്ഞാണ് രേഖകൾ സമർപ്പിച്ചതെന്ന് OFT അറിയിച്ചു. ഭാവിയിൽ നിശ്ചിത സമയപരിധിക്കുള്ളിൽ വാർഷിക റിട്ടേണുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയാൽ നടപടിയുണ്ടാകുമെന്ന് OFT വൺ നേഷനെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Associations Incorporation Act 1981 പ്രകാരം, ഒരു ഇൻകോർപ്പറേറ്റഡ് അസോസിയേഷന്റെ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ ബന്ധപ്പെട്ട സാമ്പത്തിക വർഷത്തിലെ സാമ്പത്തിക രേഖകൾ സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
നിയമപരമായ ആവശ്യങ്ങൾ വീണ്ടും ലംഘിച്ചാൽ പോളിൻ ഹാൻസനും ന്യൂ സൗത്ത് വെയിൽസിലെ വൺ നേഷൻ സെനറ്റർ സീൻ ബെല്ലിനും സാമ്പത്തിക പിഴ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരാം. പാർട്ടിയെ ക്വീൻസ്‌ലാൻഡിലെ ഇൻകോർപ്പറേറ്റഡ് അസോസിയേഷൻ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യാനുള്ള സാധ്യതയും ഉണ്ടായേക്കാം. ക്വീൻസ്‌ലാൻഡിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തിപ്പിക്കുന്നതിനുള്ള നിയമപരമായ ആവശ്യങ്ങൾ വൺ നേഷൻ പലതവണ പാലിച്ചിട്ടില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വാർഷിക പൊതുയോഗങ്ങൾ സമയത്ത് നടത്താത്തതും വാർഷിക, സാമ്പത്തിക റിപ്പോർട്ടുകൾ വൈകി സമർപ്പിച്ചതും ഇതിൽ ഉൾപ്പെടുന്നു. 2022 വരെയുള്ള സാമ്പത്തിക രേഖകൾ പരിശോധിച്ച അക്കൗണ്ടിംഗ് വിദഗ്ധൻ പാർട്ടിയുടെ രേഖകളിൽ 10 ലക്ഷം ഡോളറിലധികം മൂല്യമുള്ള കാണാതായതോ മൂല്യമില്ലാത്തതോ ആയ ആസ്തികൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വിഷയത്തിൽ വൺ നേഷൻ വിശദീകരണം നൽകിയിട്ടില്ല.