
വാഷിംഗ്ടൺ : യു.എന്നിന്റെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക ഏജൻസിയായ യുനെസ്‌കോയിലെ പങ്കാളിത്തം രാജ്യത്തിന്റെ ദേശീയ താൽപ്പര്യത്തിന് നിരക്കുന്നതല്ലെന്നും ഏജൻസി ഇസ്രായിൽ വിരുദ്ധ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നുവെന്നും പറഞ്ഞ് സംഘടനയിൽ നിന്ന് പിന്മാറുന്നതായി അമേരിക്ക. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് 2018 ൽ യുനെസ്‌കോയിൽ നിന്ന് അമേരിക്ക പിന്മാറിയിരുന്നു. ജോ ബൈഡൻ ഭരണകാലത്ത് അമേരിക്ക വീണ്ടും യുനെസ്‌കോയിൽ ചേർന്നു. ഇതിന് രണ്ട് വർഷത്തിന് ശേഷമാണ് പുതിയ തീരുമാനം.
വിഭജനാത്മകമായ സാമൂഹിക, സാംസ്‌കാരിക കാരണങ്ങൾ മുന്നോട്ട് കൊണ്ടുപോകുക എന്ന യുനെസ്‌കോയുടെ അജണ്ടയുമായി ബന്ധപ്പെട്ടാണ് ഏജൻസിയിൽ നിന്ന് അമേരിക്ക പിൻവാങ്ങുന്നതെന്ന് യു.എസ് വിദേശ മന്ത്രാലയ വക്താവ് ടാമി ബ്രൂസ് പറഞ്ഞു. ഫലസ്തീൻ രാഷ്ട്രത്തെ അംഗരാജ്യമായി അംഗീകരിക്കാനുള്ള യുനെസ്‌കോയുടെ തീരുമാനം വളരെ പ്രശ്നകരവും യു.എസ് നയത്തിന് വിരുദ്ധവും സംഘടനക്കുള്ളിൽ ഇസ്രായിൽ വിരുദ്ധ വ്യാപനത്തിന് കാരണവുമാണെന്ന് അവർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഈ തീരുമാനം 2026 ഡിസംബർ അവസാനം പ്രാബല്യത്തിൽ വരും.